കോഴിക്കോട്
കോഴിക്കോട്ടെത്തുന്നവർക്ക് നഗരത്തിരക്കുകൾക്കിടയിൽ പച്ചപ്പിന്റെ സ്‌നേഹതണലൊരുക്കുന്ന പുത്തൻ മാനാഞ്ചിറക്ക് ഇന്ന് 30ാം പിറന്നാൾ. പാർക്കും ജലധാരയും വിളക്കുകാലുകളും ഉദ്യാനവുമായി മാനാഞ്ചിറയെ മൊഞ്ചാക്കി നാടിന് സമർപ്പിച്ചത് 1994 നവംബർ ഒമ്പതിനായിരുന്നു. അന്ന് മുതൽ കോഴിക്കോട്ടെത്തുന്നവരുടെ സായാഹ്നങ്ങൾക്ക് മാനാഞ്ചിറ ചന്തം ചാർത്തുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് പാർക്കായി നവീകരിച്ച മാനാഞ്ചിറ ഉദ്‌ഘാടനംചെയ്‌തത്.
നഗരമധ്യത്തിൽ, എന്നാൽ നഗരജീവിതത്തിന്റെ, തിരക്കുകളൊന്നും അലട്ടാതെ ശാന്തവും മനോഹരമായ പാർക്കിലേക്ക് മാനാഞ്ചിറ മാറുന്നത് 80 കളുടെ അവസാനമാണ്. അന്നത്തെ മേയറായിരുന്ന ടി പി ദാസന്റെ നേതൃത്വത്തിലുള്ള നഗര ഭരണ സമിതിയുടെയും ജില്ലാ ഭരണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലായിരുന്നു സമഗ്ര പ്ലാൻ തയ്യാറാക്കിയത്. കലക്ടറും പിന്നീട് കോർപറേഷന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുമുണ്ടായിരുന്ന അമിതാബ് കാന്തിന്റെ ഇടപെടൽ മാനാഞ്ചിറയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു. ഉദ്യാനവും ചുറ്റുവിളക്കും ജലധാരയുമായി ഇന്ന് കാണുന്ന രീതിയിലേക്ക് മാനാഞ്ചിറ മാറുന്നതങ്ങനെയാണ്. ഉദ്‌ഘാടനശേഷം മാനാഞ്ചിറയിലേക്കുണ്ടായ സന്ദർശകരുടെ ഒഴുക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്നു.
സാമൂതിരി രാജ മാനവിക്രമനാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് മാനാഞ്ചിറ സ്ഥാപിച്ചത്. 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചിറയിലെ വെള്ളം കുടിവെള്ളത്തിന് ഉപയോഗിക്കാൻ തുടങ്ങി. പൊതു പരിപാടികളൊക്കെയായി 1970 മുതലാണ് മാനാഞ്ചിറ കോഴിക്കോടിന്റെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാവുന്നത്. ചിറയോട് ചേർന്നുള്ള വിശാലമായ മൈതാനമുള്ളതിനാൽ സ്‌കൂൾ, കോളേജ് കലോത്സവങ്ങളെല്ലാം ഇവിടെയായിരുന്നു നടത്തിയിരുന്നത്. മൈതാനത്തിനുള്ളിൽ റോഡും ബിഇഎം സ്‌കൂളിനോട് ചേർന്ന് പഴയ അൻസാരി പാർക്കും റസ്‌റ്റോറന്റും ഉണ്ടായിരുന്നു.
94ലെ ഉദ്‌ഘാടന ശേഷവും ശിൽപ്പങ്ങൾ സ്ഥാപിക്കൽ, പുല്ല് പതിക്കൽ, ഓപ്പൺ ജിം, ഇരിക്കാനായി മണ്ഡപങ്ങൾ തുടങ്ങി ഘട്ടം ഘട്ടമായി കോർപറേഷന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് മാനാഞ്ചിറയിൽ നടപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..