കൊയിലാണ്ടി
സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് കാഞ്ഞിലശേരി നായനാർ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർന്നു. മുതിർന്ന നേതാവ് കെ ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. സി അശ്വനിദേവ് അധ്യക്ഷനായി. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കെ കെ മുഹമ്മദ്, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ജാഥാ ലീഡർമാർ എന്നിവർ സംസാരിച്ചു.
ദീപശിഖാ ജാഥ കുറുവങ്ങാട് യു കെ ഡി അടിയോടിയുടെ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ ഷിജു ദീപശിഖ ഏറ്റുവാങ്ങി. സമ്മേളന നഗരിയിൽ കെ കുഞ്ഞിരാമന് കൈമാറി. പ്രതിനിധി സമ്മേളന നഗറിലെ രക്തസാക്ഷി മണ്ഡപത്തിനരികെയുള്ള വേദിയിൽ ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ ദീപശിഖയിൽനിന്നുള്ള ദീപം ജ്വലിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഉയർത്താനുള്ള പതാക സ്വാഗതസംഘം കൺവീനർ കെ രവീന്ദ്രൻ ഏറ്റുവാങ്ങി.
വിയ്യൂരിൽ വി പി ഗംഗാധരൻ മാസ്റ്ററുടെ സ്മൃതിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ ദാസൻ ഉദ്ഘാടനംചെയ്ത പതാകജാഥ ഏരിയാ കമ്മിറ്റി അംഗം എൽ ജി ലിജീഷ് നയിച്ചു. അരിക്കുളം കുരുടിവീട് മുക്കിൽ എം രാമുണ്ണിക്കുട്ടിയുടെ സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനംചെയ്ത കൊടിമരജാഥക്ക് ഏരിയാ കമ്മിറ്റി അംഗം എ എം സുഗതൻ നേതൃത്വംനൽകി. സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ പി ബാബുരാജ് കൊടിമരം ഏറ്റുവാങ്ങി.
ശനി രാവിലെ പൂക്കാട് ചേമഞ്ചേരി സഹകരണ ബാങ്കിലെ പി വി സത്യനാഥൻ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. ഏരിയാ കമ്മിറ്റി അംഗങ്ങളടക്കം 149 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഞായർ വൈകിട്ട് പൂക്കാട് ടൗണിൽനിന്ന് ആരംഭിക്കുന്ന ചുവപ്പുസേനാ മാർച്ചും പൊതുപ്രകടനവും കാഞ്ഞിലശേരി നായനാർ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..