24 December Tuesday
കുടിവെള്ളം ഇന്ന് മുതല്‍

ദേശീയപാത പ്രവൃത്തി; 
പൈപ്പ് മാറ്റല്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Updated: Saturday Nov 9, 2024

ദേശീയപാതയിൽ പൈപ്പ് മാറ്റൽ പ്രവൃത്തിയുടെ ഭാ​ഗമായി വേദവ്യാസ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി നടന്ന 
അവസാനഘട്ട വെൽഡിങ്

 

 
 
കോഴിക്കോട്
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി വേങ്ങേരി മുതല്‍ മലാപ്പറമ്പ് വരെ ജപ്പാന്‍ കുടിവെള്ള പൈപ്പ് മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയായി. പൈപ്പ് മാറ്റാനായി നാല് ദിവസം നിര്‍ത്തിവച്ച ശുദ്ധജല വിതരണം ശനിയാഴ്ച പുനഃസ്ഥാപിക്കും.  ജലവകുപ്പിന്റെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽനിന്നുള്ള പമ്പിങ് ശനി പുലര്‍ച്ചെയോടെ ആരംഭിച്ചു. ന​ഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉച്ചയോടെയും ഫറോക്ക് ന​ഗരസഭയില്‍ രാത്രിയോടെയും പൂര്‍ണതോതില്‍ വെള്ളമെത്തും.  
വേങ്ങേരി ബൈപാസ് ജങ്ഷൻ, തടമ്പാട്ടുതാഴം അടിപ്പാതക്ക് സമീപം, ഫ്ലോറിക്കൻ റോഡ്, വേദവ്യാസ ജങ്‌ഷൻ പരിസരം എന്നിവിടങ്ങളിലാണ് ഒന്നര മീറ്ററോളം വ്യാസമുള്ള പഴയ പൈപ്പിൽ പുതിയത് കൂട്ടിയോജിപ്പിച്ചത്. മുറിക്കൽ, യോജിപ്പിക്കൽ, വെൽഡിങ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പ്രവൃത്തി നടന്നത്.
എല്ലായിടത്തും വെൽഡിങ് പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. മർദം പരിശോധന നേരത്തെ പൂര്‍ത്തിയാക്കി.  വരുംദിവസങ്ങളില്‍ പഴയപൈപ്പുകള്‍    യാര്‍ഡിലേക്ക് മാറ്റും.  
കുടിവെള്ളത്തിനായി പൈപ്പ്  വെള്ളത്തെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച നേരിയ പ്രതിന്ധിയുണ്ടായി. ഉള്‍പ്രദേശങ്ങളില്‍ ജലക്ഷാമമുണ്ടായി. ശുദ്ധജലം ലഭിക്കാത്തയിടത്ത്‌ കോർപറേഷൻ രാത്രിയിലും ടാങ്കർ ലോറികളിൽ വെള്ളം വിതരണംചെയ്‌തു. 20  ടാങ്കറുകളിലായിരുന്നു വിതരണം. മാവൂര്‍ കൂളിമാട്‌ നിന്ന് പൊറ്റമ്മലിലേയും കോവൂരിലെയും ടാങ്കുകളില്‍ വെള്ളമെത്തിച്ചു. ഇവ ന​ഗരത്തിലേക്കും വിതരണംചെയ്‌തു. 
ഓവർപാസ് നിർമാണം 
നാളെ മുതല്‍
വേങ്ങേരി ഓവർപാസ് നിർമാണത്തിന് തടസ്സമായിരുന്ന പൈപ്പുകള്‍ മാറ്റിയതോടെ പ്രവൃത്തി പുനരാരംഭിക്കും.  ഞായറാഴ്‍ച  പ്രവൃത്തി ആരംഭിക്കുമെന്ന് ദേശീയപാതാ വിഭാ​ഗം അധികൃതര്‍ അറിയിച്ചു.  45 മീറ്റർ നീളത്തിലുള്ള ഓവർപാസിന്റെ 13.75 മീറ്റർ പൂർത്തിയാക്കി ഒരുഭാ​ഗം ​ഗതാ​ഗതത്തിനായി തുറന്നുനൽ‌കി. ബാക്കി പ്രവൃത്തി  ഉടൻ പൂർത്തിയാക്കും. മണ്ണ് എടുക്കുന്നത് ഉൾപ്പെടെയുള്ള  ഫൗണ്ടേഷൻ പ്രവൃത്തിയാണ് നടക്കാനുള്ളത്‌.  രണ്ട് മാസംകൊണ്ട് ഓവർപാസിന്റെ നിർമാണം പൂര്‍ത്തിയാക്കും. ഓവർപാസ് നിർമാണ പ്രവൃത്തിക്കിടെ  റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് കണ്ടതിനെ  തുടർന്നാണ്‌ പ്രവൃത്തി നിർത്തിവച്ചത്‌. പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പൈപ്പ് മാറ്റിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top