കോഴിക്കോട്
മൂവായിരത്തോളം സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ. ഒപ്പം പൊലീസ് ഉദ്യോഗസ്ഥർ. കോഴിക്കോട് സിആർസിയിലെ പ്രതിനിധികൾ, വിദ്യാർഥികൾ. മാനാഞ്ചിറയുടെ സായാഹ്നത്തിൽ പതിയെ ഈണമുയർന്നപ്പോൾ ആംഗ്യ ഭാഷയിൽ അവർ ‘പാടി’–- സാരെ ജഹാൻ സേ അഛാ... ചേർത്തുനിർത്തലിന്റെ പാഠങ്ങൾ പങ്കുവച്ച് കോഴിക്കോട് സിറ്റി പൊലീസും കോമ്പസിറ്റ് റീജിണൽ സെന്റർ ഫോർ പേഴ്‌സൺസ് വിത്ത് ഡിസേബലിറ്റീസും (സിആർസി) ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ ആംഗ്യഭാഷയിലെ ഗാനാവതരണം.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഏഷ്യൻ റെക്കോഡാകും. ഗാനാവതരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സമത്വപൂർണമായ ലോകം സമൂഹത്തിന്റെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി സൗഹൃദ നിർമിതികളെന്നത് കേരളം രൂപീകരിച്ച ഡിസൈൻ നയത്തിന്റെ പ്രധാന ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ഉത്തര മേഖല ഐജി കെ സേതുരാമൻ മുഖ്യാതിഥിയായി. സിആർസി ഡയറക്ടർ ഡോ. കെ എൻ റോഷൻ ബിജിലി റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസിപി അങ്കിത്‌കുമാർ സിങ്, കൗൺസിലർ എസ് കെ അബൂബക്കർ, കെ കെ അഗേഷ് എന്നിവർ സംസാരിച്ചു. സിറ്റി കമീഷണർ ടി നാരായണൻ സ്വാഗതവും എസിപി എ ഉമേഷ് നന്ദിയും പറഞ്ഞു.
35 സ്‌കൂളുകളിലെ കാഡറ്റുകളാണ് പങ്കെടുത്തത്. 10 ദിവസംകൊണ്ടാണ് വിദ്യാർഥികളും ഉദ്യോഗസ്ഥരും അവതരണം പരിശീലിച്ചത്. നേരത്തെ വന്ദേമാതരം ആംഗ്യ ഭാഷയിൽ ആലപിച്ചപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..