07 November Thursday
കെട്ടിടനിർമാണം ഉടൻ തുടങ്ങും

ജില്ലാ നിലവാരത്തിലേക്കുയരാൻ കൊയിലാണ്ടി താലൂക്ക്‌ ആശുപത്രി

സ്വന്തം ലേഖകൻUpdated: Saturday Aug 10, 2024

പുതിയ കെട്ടിടം നിർമിക്കാനായി ആശുപത്രി വളപ്പിൽ പഴയ കെട്ടിടങ്ങൾ 
പൊളിച്ചുമാറ്റി തയ്യാറാക്കിയ സ്ഥലം

കൊയിലാണ്ടി 
പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ജില്ലാ ആശുപത്രിയുടെ സൗകര്യമുള്ള ആശുപത്രിയായി കൊയിലാണ്ടി ഗവ. താലൂക്ക്‌ ആശുപത്രി മാറും. നിലവിലുള്ള കെട്ടിടത്തിൽ ഗൈനക്കോളജി, ഓപ്പറേഷൻ തിയേറ്റർ അടക്കം സൗകര്യങ്ങളുണ്ടെങ്കിലും സ്റ്റാഫ് പാറ്റേൺ അടക്കമുള്ള സാങ്കേതികമായ ചില മാറ്റങ്ങൾ അനിവാര്യമാണ്. ആശുപത്രിയിൽ അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച്‌ ആശുപത്രി മാനേജ്മെന്റായ കൊയിലാണ്ടി നഗരസഭ ആലോചിച്ചിട്ടുണ്ട്. 
കിഫ്ബി ബോർഡിന്റെ 42 കോടി രൂപയുടെ ധനകാര്യ അനുമതിയായതോടെ പുതിയ കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഉടന്‍ തന്നെ ടെൻഡർ നടപടികളിലേക്ക് കടക്കാനും കഴിയും. അഞ്ചുനില കെട്ടിടം നിര്‍മിക്കാന്‍ 24 കോടി രൂപയുടെ എസ്റ്റിമേറ്റിന് കിഫ്ബി ബോര്‍ഡ് നേരത്തെ ധനകാര്യ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങൾ ആവശ്യമാണെന്ന്‌ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ രൂപരേഖയിലും എസ്റ്റിമേറ്റിലും മാറ്റങ്ങൾ വരുത്തി. 
ഇതോടെ എസ്റ്റിമേറ്റ് തുക 24 കോടിയില്‍ നിന്ന് 42 കോടിയായി ഉയര്‍ന്നു. നിലവിലെ പദ്ധതിയുടെ ഇരട്ടി തുകയുടെ വര്‍ധന വന്നതോടെ വീണ്ടും കിഫ്ബിയുടെ അനുമതി വേണ്ടിവന്നു. ഇതാണ് പദ്ധതി വൈകാൻ കാരണം. വാപ്‌കോസ് എന്ന കമ്പനിയാണ് പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയത്.  ഗ്രൗണ്ട് ഫ്ലോർ അടക്കം അഞ്ച് നിലയാണ് പുതിയ കെട്ടിടത്തിന് ഉണ്ടാവുക.  ആവശ്യമെങ്കിൽ 10 നിലവരെ ഉയര്‍ത്താൻ സാധിക്കുന്ന തരത്തിലുള്ള അടിത്തറയോട് കൂടിയായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുക. നിലവിലുള്ള കെട്ടിടത്തില്‍നിന്ന് പുതിയ കെട്ടിടത്തിലേക്ക് പാത്ത് വേയും ഉണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top