ഫറോക്ക്
ചാലിയം ബീച്ച് ടൂറിസം കേന്ദ്രത്തിൽ അപ്രതീക്ഷിതമായി മന്ത്രി എത്തിയത് രാവിലെ നടക്കാനെത്തിയവർക്കും വ്യായാമം ചെയ്യുന്നവർക്കും ആവേശം പകർന്നു. പതിവ് വ്യായാമക്കാരായ "സ്വറ്റ് സ്ക്വാഡി’നൊപ്പമാണ് തിങ്കളാഴ്‌ച രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഭാതസവാരിക്കും വ്യായാമം ചെയ്യാനും കൂടിയത്.
ഒന്നര മണിക്കൂറോളം ചെലവഴിച്ച് ലഘുഭക്ഷണവും കഴിച്ച് മടങ്ങുമ്പോൾ പ്രകൃതിരമണീയമായ ബീച്ചിൽ "ഓപ്പൺ ജിനേഷ്യം’ ഒരുക്കുമെന്നറിയിപ്പുമുണ്ടായി. വ്യായാമത്തിനെത്തുന്നവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാനും മന്ത്രി നിർദേശിച്ചു.
ടൂറിസം വകുപ്പ് 9.5 കോടി ചെലവിട്ട് നടപ്പാക്കിയ "ഓഷ്യനസ് ചാലിയം’ ബീച്ച് ടൂറിസം പദ്ധതി ഉദ്ഘാടനത്തിന് ഏറെമുമ്പ് തന്നെ സജീവമാണ്. ചാലിയത്തെയും സമീപപ്രദേശങ്ങളിലെയും നിരവധിപേരാണ് വ്യായാമത്തിനും പ്രഭാതസവാരിക്കും നിത്യവുമെത്തുന്നത്. അവരെല്ലാം ചേർന്നുണ്ടാക്കിയ സ്വറ്റ് സ്ക്വാഡ് 77 ദിവസം പിന്നിടുമ്പോൾ കൂട്ടായ്മയിൽ 83 പേരായി. മുടങ്ങാതെ വന്നവർക്കുള്ള ഉപഹാരം നൽകലും ജഴ്സി വിതരണവും മന്ത്രി നിർവഹിച്ചു.
"മിസ്റ്റർ കോഴിക്കോട്’ പട്ടം ലഭിച്ച ഫിറ്റ്നസ് ട്രെയ്നർ നല്ലൂർ സ്വദേശി അബിൻ അബ്ദുൽ റഹ്മാൻ, തൈക്വാൺഡോ കരാത്തെ പരിശീലകൻ എ ഉമർ ഫാറൂഖ്, തൈക്വാൺഡോ നാഷണൽ പരിശീലകൻ ടി മഹ്ഷൂക്ക് എന്നിവരാണ് പരിശീലകർ. ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽദാസ്, ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ഡയറക്ടർ ടി രാധാ ഗോപി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..