ഫറോക്ക്
നിയമം ലംഘിച്ചും അനുമതിയില്ലാതെ സംസ്ഥാന അതിർത്തി ലംഘിച്ചും മത്സ്യ ബന്ധനത്തിലേർപ്പെട്ട രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ടിന് വിരുദ്ധമായി കരവലിയിൽ ഏർപ്പെട്ട എറണാകുളം മുനമ്പം സ്വദേശി പി സി ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള "വ്യാകുലമാത’, മുൻകൂർ പ്രത്യേകാനുമതിയില്ലാതെ സംസ്ഥാന അതിർത്തി ലംഘിച്ച് മത്സ്യബന്ധനത്തിനെത്തിയ മംഗളൂരു ഉള്ളാൾ സ്വദേശി മൊഹിയുദ്ദീന്റെ "സീബാസ്സ്’ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. രണ്ട് ബോട്ടുകൾക്കും കെഎംഎഫ്ആർ ആക്‌ട് പ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടി സ്വീകരിച്ച് രണ്ടര ലക്ഷം വീതം പിഴ ചുമത്തി.
അനുമതിയില്ലാതെ കേരളതീരത്ത് അനധികൃത മീൻപിടിത്തത്തിനെത്തിയ കർണാടകം രജിസ്ട്രേഷൻ ബോട്ടിൽനിന്ന് നിരോധിത പെലാജിക് വലയും കണ്ടെടുത്തിട്ടുണ്ട്.
ബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി ഷൺമുഖന്റെ നേതൃത്വത്തിൽ ഫിഷറി ഗാർഡ് കെ അരുൺ, റെസ്ക്യു ഗാർഡ് സുമേഷ് എന്നിവരുൾപ്പെട്ട സംഘം കടൽ പട്രോളിങ്ങിനിടെയാണ് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലെ മത്സ്യം ലേലംചെയ്ത തുക സർക്കാരിലേക്ക് അടച്ചു. സ്പെഷ്യൽ പെർമിറ്റില്ലാതെ സംസ്ഥാന അതിർത്തി കടന്നെത്തുന്ന ഇതര സംസ്ഥാന ബോട്ടുകൾക്കും നിയമവിരുദ്ധ മീൻപിടിത്തത്തിലേർപ്പെടുന്ന മറ്റു ബോട്ടുകൾക്കുമെതിരെ നിയമനടപടി തുടരുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..