22 December Sunday

ആഘോഷിക്കാം ഡബിള്‍ ഡക്കറില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കോഴിക്കോട് നഗരത്തിൽ പരസ്യ പ്രചാരണവുമായി സർവീസ് 
നടത്തുന്ന കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ്

സ്വന്തം ലേഖകൻ

കോഴിക്കോട്
ആഘോഷങ്ങൾ ഏതുമായിക്കോട്ടെ, മാറ്റുകൂട്ടാൻ കെഎസ്ആർടിസി ഡബിൾ ഡക്കറുണ്ട്. മണിക്കൂറായോ ദിവസങ്ങളായോ ബസ്‌ വാടയ്‌ക്കെടുത്ത് ന​ഗരത്തിൽ കറങ്ങാം. പ്രീവെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ, പിറന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ തുടങ്ങിയവക്ക് ബസ് വാടകയ്ക്ക് നൽകും. ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബത്തിന്‌ യാത്രക്കും സൗകര്യമുണ്ട്. കൂടാതെ സ്ഥാപനങ്ങളുടെ പരസ്യ പ്രചാരണത്തിനും ബസ് നൽകും. തലശേരി ഡിപ്പോയിലെ ഡബിൾ ഡക്കറാണ് നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്നത്. ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. 
25,000 രൂപയും ജിഎസ്ടിയുമാണ് ദിവസ വാടക. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് സമയം. ഒന്നിൽ കൂടുതൽ ദിവസം വാടകയ്‌ക്കെടുക്കുന്നവർക്ക് സമയത്തിൽ ഇളവ് ലഭിക്കും. ബസ് സൗകര്യത്തിനനുസരിച്ച് കൊണ്ടുപോകാം. വാടക കരാർ അവസാനിക്കുമ്പോൾ തിരിച്ചെത്തിച്ചാൽ മതി. വാടക കാലയളവിൽ ആവശ്യമായ അലങ്കാരങ്ങളും പരസ്യങ്ങളും ബസിൽ ചെയ്യാം. ഇതിന് അനുമതിയുണ്ട്. വലിയ കമ്പനികൾ പരസ്യപ്രചാരണത്തിന് ബസ് ഉപയോ​ഗിക്കുന്നുണ്ട്. വ്യക്തികൾക്ക് ആഘോഷങ്ങൾക്കായി വാടകയ്‌ക്കെടുക്കാം. ഡബിൾ ഡക്കർ പോകാൻ സൗകര്യമുള്ള റോഡിൽ സർവീസ് നടത്താം. 
പകൽ രണ്ട് മുതൽ ഒമ്പത് വരെ തലശേരിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങാൻ അവസരമുണ്ട്. 250 രൂപയാണ് ഒരാൾക്ക് നിരക്ക്. ചുരുങ്ങിയത് 40 പേർ ഉണ്ടെങ്കിൽ സർവീസ് നടത്തും. വാടകയ്ക്ക് പോകാത്ത ദിവസങ്ങളിലാണ് ഈ സർവീസ്. ആവശ്യക്കാർക്ക് ബന്ധപ്പെടാം: 0493-6 220217.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top