22 December Sunday
മാലിന്യമിടുന്നത് ഫോട്ടോയെടുത്ത് അയക്കാം

മാലിന്യം തള്ളുന്നത് കൂടുതലും നഗരത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024
സ്വന്തം ലേഖിക
കോഴിക്കോട്
പൊതു ഇടങ്ങളിൽ മാലിന്യം തള്ളൽ ഏറ്റവും കൂടുതൽ നഗരമേഖലയിൽ. മാലിന്യം തള്ളൽ പ്രവണത ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വാട്‌സാപ്പ്‌ പരാതി സംവിധാനത്തിൽ കോർപറേഷൻ മേഖലയിൽ നിന്നാണ്‌ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്‌. 15 എണ്ണം. ശുചിത്വമിഷനും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറേറ്റും ചേർന്ന്‌ 20 ദിവസംമുമ്പാണ്‌ പദ്ധതി ആരംഭിച്ചത്‌. പൊതു ഇടത്തിൽ മാലിന്യം തള്ളുന്നതിന്റെ ചിത്രങ്ങൾ വാട്‌സാപ്പിൽ അയച്ചാൽ ധ്രുതഗതിയിൽ നടപടി എടുക്കുന്നതിനൊപ്പം പരാതിക്കാർക്ക്‌ സമ്മാനവും നൽകും. ഇതിനകം 64 പരാതികളാണ്‌ ലഭിച്ചത്‌. ഏഴ്‌ മുനിസിപ്പാലിറ്റി, 70 പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 49 പരാതികളുമുണ്ട്‌. 
നിയമലംഘനം ചെയ്യുന്നത്‌ ആരെന്ന്‌ തെളിവുസഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴ തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപ വരെയോ നൽകും. ഓരോ ഇടങ്ങളിലും മാലിന്യം കൂട്ടിയിട്ട ചിത്രങ്ങളും തള്ളുന്നതിന്റെ ചിത്രങ്ങളും വരുന്നുണ്ട്‌. സത്യസന്ധമാണോ എന്ന്‌ പരിശോധിച്ചശേഷമാണ്‌ പരാതി എടുക്കുക. ആവർത്തനമോ പരിഹരിക്കപ്പെട്ടതോ ആയ കേസുകളായതിനാൽ 20 ചിത്രങ്ങൾ തള്ളിയിട്ടുണ്ട്‌.   
മാലിന്യം കൂട്ടിയിട്ട പരാതി അതത്‌ തദ്ദേശസ്ഥാപനങ്ങളിലെ നോഡൽ ഓഫീസർക്ക്‌ വിവരം കൈമാറും. തുടർന്ന്‌ ഹരിതകർമ സേന വഴി ഉടൻ നീക്കും. ഫോട്ടോ ഉൾപ്പെടെ മാലിന്യം തള്ളുന്നവരെ തിരിച്ചറിയുന്ന തെളിവുകൾ (സിസിടിവി ദൃശ്യങ്ങൾ, വാഹന നമ്പർ) നൽകുന്നവർക്കാണ്‌ സമ്മാനം. നിലവിൽ കൊടുവള്ളിയിൽ ഒരാൾക്ക്‌ മാത്രമാണ്‌ സമ്മാനം ലഭിച്ചത്. നിയമലംഘനത്തിന്റെ തോതനുസരിച്ചാണ് പിഴ ചുമത്തുന്നത്. സ്ഥലവിവരമുൾപ്പെടെ ചിത്രങ്ങൾ അയക്കേണ്ട വാട്‌സ് ആപ് നമ്പർ: 9446700800.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top