26 December Thursday

അറിവിന്റെ ആകാശഗംഗയായി ‘ലോഞ്ച്’ ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

‘ലോഞ്ച്’ സയൻസ് ഉച്ചകോടിയിൽനിന്ന്

 കോഴിക്കോട് 

അന്യഗ്രഹങ്ങളിൽ കൃഷി ചെയ്യുന്നതെങ്ങനെ? ചന്ദ്രനിലും ബഹിരാകാശത്തുമൊക്കെ മരങ്ങളും ചെടികളും ഭൂമിയിലെ പോലെ കുത്തനെയും ഉയരത്തിലും വളരുമോ? വളരുമ്പോൾ അവയ്ക്ക് വെയിൽ കിട്ടുന്നതെങ്ങനെ? ‘ലോഞ്ച്’ സയൻസ് ഉച്ചകോടിയിൽ കുട്ടിശാസ്ത്രജ്ഞർ ചർച്ച ചെയ്ത വിഷയങ്ങൾ ആകാശത്തോളമാണ്.
സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തിൽ കൗതുകവും അറിവും വളർത്താനായി യുഎൽ സ്പേസ് ക്ലബ്ബും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (ഡയറ്റ്) ചേർന്ന് സംഘടിപ്പിച്ച ‘ലോഞ്ച് 2024' ഉച്ചകോടിയിലെ സയൻസ് പാർലമെന്റിലാണ് കൗതുകമേറിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ ഉരുത്തിരിഞ്ഞത്. സൂര്യപ്രകാശം സംഭരിച്ചുവച്ച് എൽ‌ഇ‌‌ഡി വെളിച്ചമാക്കി കൃഷിചെയ്യാനുള്ള സാധ്യതയും ബഹിരാകാശ ഗവേഷണങ്ങൾക്കും യാത്രകൾക്കും നിർമിതബുദ്ധി ഉപയോഗിച്ച് രസതന്ത്രത്തിന്റെ പ്രയോഗങ്ങൾ വികസിപ്പിക്കുന്നതുമെല്ലാം ചർച്ചയായി.  
കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം കെ രാഘവൻ എംപി  ഉച്ചകോടി ഉദ്ഘാടനംചെയ്തു. വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്‌ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഡോ. യു കെ അബ്ദുന്നാസർ, ഇ പ സന്ദേശ്, ദീപാഞ്ജലി മനക്കടവത്ത്, കെ ജയറാം, യു കെ ഷജിൽ എന്നിവർ സംസാരിച്ചു. 
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎൽ സ്പേസ് ക്ലബ്ബിലെ കുട്ടികൾ സ്വയം ആവിഷ്കരിച്ച ഉച്ചകോടി, ഭാവി ബഹിരാകാശ പര്യവേഷണ സാധ്യതകൾ പങ്കുവയ്‌ക്കുന്ന വേദിയായി. ഐഎസ്ആർഒയുടെ ‘സ്പേസ് ട്യൂട്ടർ' അംഗീകാരം നേടിയ സന്നദ്ധസംഘടനയാണ് യുഎൽ സ്പേസ് ക്ലബ്ബ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top