25 December Wednesday

ഈ ഓണം 
പൊളിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

 തൊഴിലുറപ്പുകാർക്ക് 8.88 കോടി

കോഴിക്കോട്‌
ഗ്രാമീണ–-നഗര  തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ഓണാഘോഷം കളറാക്കാൻ  8.88 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചവർക്കാണ്‌ 1000 രൂപ വീതം സർക്കാർ ഉത്സവ ബത്ത നൽകുന്നത്‌. ജില്ലയിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ  7.65 കോടി രൂപയും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ 1.23 ലക്ഷം രൂപയുമാണ്‌  ഓണസമ്മാനം. 
ഗ്രാമങ്ങളിൽ 76,564 കുടുംബങ്ങളാണ്‌ 100  തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്‌. ട്രഷറിയിൽനിന്ന്‌ പണം ലഭിക്കുന്ന മുറക്ക്‌ രണ്ട്‌ ദിവസങ്ങൾക്കം ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ വഴി തുക കുടുംബങ്ങളുടെ അക്കൗണ്ടിലെത്തും. 100 തൊഴിൽ ദിനം പൂർത്തീകരിച്ചവരുടെ എണ്ണം കൂടിയതിനാൽ  മുൻ വർഷത്തേക്കാൾ രണ്ടേകാൽ കോടി രൂപയാണ്‌ ഈ പദ്ധതിയിൽ  ഉത്സവബത്ത ഇനത്തിൽ ഇത്തവണ ചെലവിടുന്നത്‌.  കഴിഞ്ഞ വർഷം 53,180 പേരായിരുന്നു 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്‌.  
അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കോർപറേഷനിൽ 123 പേരാണ്‌ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്‌.
 
നറുക്കെടുക്കുംമുമ്പ്‌ ബംബറടിച്ച്‌  
ലോട്ടറി മേഖല
കോഴിക്കോട്‌
ടിക്കറ്റ്‌ നറുക്കെടുക്കും മുമ്പേ ഓണം ബംബറടിച്ച്‌ ലോട്ടറി വിൽപ്പനക്കാർ. കാത്തിരിപ്പിനൊടുവിൽ 1000 രൂപ വർധനയോടെ ഉത്സവബത്ത കൈയിലെത്തുന്നതിന്റെ സന്തോഷത്തിലാണ്‌ ലോട്ടറി വിൽപ്പനക്കാരും ഏജന്റുമാരും. ക്ഷേമനിധി അംഗങ്ങൾക്കായി 89.74 ലക്ഷം രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌. രണ്ട്‌ ദിവസത്തിനുള്ളിൽ ഇത്‌ അംഗങ്ങളുടെ അക്കൗണ്ടിലെത്തും. 
നഗര–-ഗ്രാമ മേഖലകളിലായി ഏജന്റുമാരും വിൽപ്പനക്കാരുമായി 1151 പേരാണ്‌ ക്ഷേമനിധി അംഗങ്ങൾ. ഇവർക്ക്‌ 7000 രൂപ വീതമാണ്‌ ഉത്സവബത്ത. 367 പെൻഷൻകാരാണുള്ളത്‌. 2500 രൂപയാണ്‌ വിരമിച്ചവരുടെ ഉത്സവബത്ത. കഴിഞ്ഞ കുറച്ച്‌ വർഷമായി യഥാക്രമം 6000, 2000 എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചിരുന്നത്‌. തുക വർധിപ്പിച്ചത്‌ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ വലിയ ആശ്വാസമായി. 
വിൽപ്പനക്കാർക്കും ഏജന്റുമാർക്കുമായി 80. 57 ലക്ഷം രൂപയും വിരമിച്ചവർക്കായി 9.17 ലക്ഷം രൂപയുമാണ്‌ നൽകുക. കഴിഞ്ഞ ദിവസമാണ്‌ തുക അനുവദിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കിയത്‌. ക്ഷേമനിധി ബോർഡ്‌ വഴി തുക അംഗങ്ങൾക്ക്‌ ലഭ്യമാക്കുന്ന നടപടി പുരോഗമിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top