കൊയിലാണ്ടി
നേപ്പാളിലെ പൊക്കാറയിൽ നടന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ കൊയിലാണ്ടി സ്വദേശി കെ നാരായണൻ നായർക്ക് സ്വർണ മെഡൽ. സംയുക്ത ഭാരതീയ ഖേൽ ഫൗണ്ടേഷൻ (എസ്‌ബികെഎഫ്) സംഘടിപ്പിച്ച ‘ഇന്റർനാഷണൽ ഗെയിംസ് 2024’ലാണ് 70കാരനായ പന്തലായനി ശ്രീരഞ്ജിനിയിൽ നാരായണൻ നായർ നാടിന് അഭിമാനമായത്. 70 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലെ 200 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ ഇനങ്ങളിലാണ് സ്വർണനേട്ടം.
സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിലും നാരായണൻ നായർ നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ 100 മീറ്റർ ബാക്ക്സ്ട്രോക്കിന് സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവക്ക് വെള്ളിയും നേടിയിരുന്നു. കുട്ടിക്കാലം മുതൽ നീന്തൽ ആരംഭിച്ച നാരായണൻ നായർ അടുത്തകാലത്താണ് മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങിയത്.
ഈ വർഷം ഏപ്രിലിൽ പെരിയാറിൽ രണ്ട് കിലോമീറ്റർ ദൂരം ഒരു മണിക്കൂറും 20 മിനിറ്റും 39 സെക്കൻഡുംകൊണ്ട് അദ്ദേഹം പിന്നിട്ടിരുന്നു. രണ്ട് മണിക്കൂർ സമയ പരിധിയുണ്ടായിരുന്ന നീന്തലിൽ നിരവധി യുവാക്കളെ പിന്തള്ളിയാണ് നാരായണൻ നായർ നേട്ടം കൈവരിച്ചത്. മുംബൈയിൽ കടലിൽ ആറ് കിലോമീറ്റർ നീന്തലിൽ പങ്കെടുക്കലാണ് അടുത്ത ലക്ഷ്യമെന്ന് നാരായണൻ നായർ പറയുന്നു. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ചിറയിൽ പരിശീലനം നടത്തുന്ന അദ്ദേഹം കൊയിലാണ്ടി നഗരസഭയിലെയും സമീപങ്ങളിലെയും നിരവധി വിദ്യാർഥികളെയും നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..