ഫറോക്ക്
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ആയിരക്കണക്കിന് തൊഴിലാളികളും ആശ്രിതരും ചികിത്സതേടിയെത്തുന്ന ഫറോക്ക് ഇഎസ്ഐ റഫറൽ ആശുപത്രിയിലെ സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ എന്നിവ റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനാവുന്നില്ല. മികച്ച ചികിത്സ ലഭ്യമാക്കാൻ കോടികൾ ചെലവിട്ട് സ്ഥാപിച്ച യന്ത്രങ്ങളാണ് ഉപയോഗശൂന്യമായത്.
റേഡിയോളജിസ്റ്റ് തസ്തികയിൽ രേഖയിൽ ആളുണ്ടെങ്കിലും സീനിയർ ഡോക്ടറായ ഇവർ എട്ടുമാസത്തോളമായി അവധിയിലാണ്. സർവീസിൽ നിയമ പരിരക്ഷ ഉറപ്പാക്കാൻ ഇടക്ക് ജോലിയിൽ പ്രവേശിച്ച് വീണ്ടും അവധിയെടുക്കും. പകരം മറ്റൊരു ഡോക്ടറെ നിയമിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും.
വയനാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ മുതൽ മലപ്പുറത്തിന്റെ തെക്കേ അറ്റമായ പെരുമ്പടപ്പ് വരെയുള്ള പ്രദേശങ്ങളിൽനിന്നായി 20 ഇഎസ്ഐ ഡിസ്‌പെൻസറികളിൽനിന്ന് റഫർ ചെയ്യപ്പെടുന്ന ആയിരങ്ങളെത്തുന്ന ആശുപത്രിയാണിത്. വിദൂരദേശങ്ങളിൽ നിന്ന് വിദഗ്‌ധ ചികിത്സതേടിയെത്തുന്ന രോഗികൾ ചികിത്സ കിട്ടാതെ മാസങ്ങളായി വലയുകയാണ്.
മൊത്തം 121 സ്‌റ്റാഫിൽ 22 ഡോക്ടർമാരും ഒരു നഴ്സിങ് സൂപ്രണ്ടും ആറ് ഹെഡ് നഴ്സും 18 മറ്റു നഴ്സുമാരുമുണ്ട്. കൂടാതെ ലേ സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ടൈപ്പിസ്റ്റ്, ആറ് ക്ലർക്ക്, രണ്ട് ഓഫീസ് അറ്റന്റൻഡ് എന്നിവരുമുണ്ട്. ഇവരിൽ ഒരു ക്ലർക്ക് ദീർഘാവധിയിലാണ്. ഡോക്ടർമാരിൽ ഒരു നെഞ്ച് രോഗ വിദഗ്ധന്റെ ഒഴിവുണ്ട്. സർജനും കഴിഞ്ഞ ദിവസം ദീർഘാവധിയെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..