23 December Monday

"ടെലിമാനസി’ന് രണ്ട് വര്‍ഷം: ആശ്രയിച്ചത്‌ 17,568 പേർ

സ്വന്തം ലേഖികUpdated: Friday Oct 11, 2024
 
കോഴിക്കോട്
 മാനസികാരാേഗ്യ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസമാകാനായി സർക്കാർ തുടങ്ങിയ ‘ടെലിമാനസ്‌’ ആശ്രയമായത്‌ 17,568 പേർക്ക്‌. 2022 ഒക്‌ടോബറിൽ തുടങ്ങിയ പദ്ധതിയിൽ നിരവധിപേരാണ്‌ കൗൺസലിങ്ങിലൂടെ മാനസികാരോഗ്യം തിരിച്ചുപിടിച്ചത്‌. ഉറക്കമില്ലായ്‌മയാണ്‌  ഭൂരിഭാഗവും നേരിടുന്ന പ്രശ്‌നം. വ്യക്തിബന്ധങ്ങളിലെ വിള്ളൽ, തൊഴിലിടങ്ങളിലെ സമ്മർദം, വിഷാദം തുടങ്ങിയ കാരണങ്ങളാണ്‌ ഉറക്കമില്ലായ്‌മയിലേക്ക്‌ നയിക്കുന്നത്‌. ടെലിമാനസിനെ ആശ്രയിക്കുന്നതിൽ കൂടുതലും യുവാക്കളാണ്. 
      മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ സംശയ നിവാരണം, ടെലി കൗൺസലിങ്‌ ഉൾപ്പെടെ  24 മണിക്കൂറും  വിദ​ഗ്ധരുടെ  സൗജന്യ സേവനം ഉറപ്പാക്കുന്നതാണ്‌ ‘ടെലിമാനസ്‌’.  1600 പേരാണ്‌ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട്‌ വിളിച്ചത്‌.  800 പേർ  ഉത്‌ക്കണ്ഠയുമായും 752 പേർ വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടതാണ്. മറ്റ്‌  മനോവിഷമങ്ങളിലാണ്‌  1789  കോളുകൾ.  തൊഴിലിടത്തെ സമ്മർദം പല  പ്രശ്നങ്ങളുടെയും കാരണമാകുന്നുണ്ട്‌. 
പരിശീലനം നേടിയ കൗൺസലർമാരുടെയും വിദ​ഗ്ധരുടെയും സേവനം ടെലിമാനസിൽ 14416 നമ്പറിൽ ലഭ്യമാണ്. ജില്ലയിൽ കുതിരവട്ടം മാനസികാരോ​​ഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രതിമാസം മേഖലാടിസ്ഥാനത്തിൽ കൗൺസലിങ് സേവനവും നൽകുന്നുണ്ട്. വിവരങ്ങൾക്ക്: 0495 2961385. 
സ്വയം തിരിച്ചറിയാം
 മാനസിക സമ്മർദം നേരിടുന്നുണ്ടോയെന്ന് സ്വയം തിരിച്ചറിയാൻ മാനസികാരോ​ഗ്യ വിഭാ​ഗം പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്‌. 10 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്.
 ചോദ്യാവലി 
1) അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചോർത്ത് വിഷമിക്കാറുണ്ടോ? 2) ജീവിതത്തിൽ പ്രധാന കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് തോന്നാറുണ്ടോ? 3) മാനസിക സംഘർഷവും പിരിമുറുക്കവും അനുഭവപ്പെടാറുണ്ടോ?4) വ്യക്തിപരമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുമെന്ന് തോന്നാറുണ്ടോ? 5) കാര്യങ്ങളെല്ലാം വിചാരിക്കുന്ന രീതിയിൽ നടക്കുന്നുവെന്ന് തോന്നാറുണ്ടോ?6) ചെയ്യേണ്ട കാര്യങ്ങളുടെ സമ്മർദം അതിജീവിക്കാൻ കഴിയില്ലെന്ന് തോന്നാറുണ്ടോ? 7) കാര്യങ്ങളെല്ലാം നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് തോന്നാറുണ്ടോ? 8) പ്രകോപനങ്ങളെ നിയന്ത്രിക്കാൻ കഴിയാറുണ്ടോ? 9) നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാൽ കോപിക്കാറുണ്ടോ? 10) പ്രയാസങ്ങൾ കുന്നുകൂടുന്നു, അവയെ മറികടക്കാൻ സാധിക്കില്ല എന്ന് തോന്നാറുണ്ടോ?
  ഒരിക്കലുമില്ല, അപൂർവമായി, ചിലപ്പോഴൊക്കെ, മിക്കപ്പോഴും, എപ്പോഴും എന്നീ അഞ്ച്‌ ഓപ്ഷനുകളും ചോദ്യത്തോടൊപ്പമുണ്ട്. സ്കോർ യഥാക്രമം 0, 1,2,3,4 എന്നിങ്ങനെയാണ്. എന്നാൽ, 4,5,7,8 ചോദ്യങ്ങൾക്ക് ഈ സ്കോർ 0=4, 1=3, 2=2, 3=1, 4=0 എന്നിങ്ങനെ കണക്കാക്കണം.  കിട്ടുന്ന ആകെ സ്കോർ 13ൽ താഴെയാണെങ്കിൽ കുറഞ്ഞ മാനസിക സമ്മർദവും 14നും 26നും ഇടയിൽ മിതമായതും 17നും 40നും ഇടയിലുള്ളത് കൂടിയതോതിലുള്ളതുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top