15 November Friday

പേരാമ്പ്ര എസ്റ്റേറ്റിൽ മരം ലേലത്തിൽ കൊള്ള

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

പേരാമ്പ്ര

പ്ലാന്റേഷൻ കോർപറേഷന്‌ കീഴിൽ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ മരങ്ങൾ ലേലം ചെയ്യുന്നതിൽ ലക്ഷക്കണക്കിന് രൂപയുടെ കൊള്ളയെന്ന്‌ പരാതി. എസ്റ്റേറ്റിൽ, കാട്ടാന തകർക്കുന്നതും കാറ്റിൽ ഒടിഞ്ഞുവീഴുന്നതുമായ മരങ്ങൾ വർഷംതോറും ലേലംചെയ്യുകയാണ് പതിവ്. മരം ടണ്ണിന് 4100 രൂപയാണ് കോർപറേഷന് ലഭിക്കുന്നത്. എസ്റ്റേറ്റിൽനിന്ന്‌ കരാറുകാരൻ മരം പുറത്തുകൊണ്ടുപോയി വെയ് ബ്രിഡ്ജിൽ തൂക്കിയശേഷമാണ് കോർപറേഷനിൽ പണം അടയ്ക്കുന്നത്. കരാറുകാരൻ ലോറിയിൽ കൊണ്ടുപോകുന്ന മരത്തിന്റെ തൂക്കം 25 മുതൽ 29 വരെ ടണ്ണാണെന്നിരിക്കെ കോർപറേഷനിൽ അടയ്ക്കുന്നത് 16 മുതൽ 20വരെ ടണ്ണിന്റെ പണം മാത്രമാണെന്നാണ്‌ പരാതി. കോഴിക്കോട്ടെ വെയ് ബ്രിഡ്ജിൽനിന്നാണ് ഇത്തരത്തിൽ കോർപറേഷന് നൽകാനുള്ള വ്യാജബില്ല് സംഘടിപ്പിക്കുന്നത്. പെരുമ്പാവൂരിലാണ് മരംവിൽപ്പന നടത്തുന്നത്. ഇവിടെനിന്നുള്ള മരത്തിന്റെ യഥാർഥ തൂക്കത്തിനനുസരിച്ചാണ് എസ്റ്റേറ്റിൽ മരം കയറ്റുന്ന തൊഴിലാളികൾക്ക് കരാറുകാരൻ കൂലി നൽകുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഒരേ കരാറുകാരനാണ് ഇത്തരത്തിൽ വെട്ടിപ്പ് നടത്തുന്നത്. 
2023-–-24 സാമ്പത്തിക വർഷംമാത്രം എസ്റ്റേറ്റിൽനിന്ന്‌ കൊണ്ടുപോയത് 113 ലോഡ്‌ മരമാണ്. ഇതുവഴി മാത്രം ആയിരത്തിലേറെ ടൺ മരത്തിന്റെ പണം കോർപറേഷന് നഷ്ടമായി. തുടർച്ചയായി മൂന്നുവർഷത്തിനകം ഒരു കോടിയോളം രൂപ പ്ലാന്റേഷൻ കോർപറേഷന് നഷ്ടമായിട്ടുണ്ട്. തൊഴിലാളികൾക്ക് കൂലി നൽകാൻ വരെ നിരന്തരം വായ്പ വാങ്ങുന്ന സ്ഥാപനത്തിൽ ജീവനക്കാരുടെ ഒത്താശയിലാണ് ഇത്തരത്തിൽ തീവെട്ടിക്കൊള്ള അരങ്ങേറുന്നത്. 
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ സുനിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റിൽ പരാതി നൽകി. അന്വേഷണം പൂർത്തിയാകുന്നതിനുമുമ്പ്‌ എസ്റ്റേറ്റിൽനിന്ന്‌ മരം കടത്താൻ അനുവദിക്കില്ലെന്ന് പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബർ യൂണിയൻ സിഐടിയു ഭാരവാഹികളും വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top