22 December Sunday
രണ്ടുപേർക്ക് പൊള്ളലേറ്റു

ബേപ്പൂരിൽ ഫൈബർ ബോട്ട് കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ബേപ്പൂരിൽ ഫൈബർ ബോട്ടിന് തീപിടിച്ചപ്പോൾ

ബേപ്പൂർ 

ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ പുഴമധ്യത്തിലായി നങ്കൂരമിട്ട ഫൈബർ ബോട്ട്  കത്തിനശിച്ചു.   ഗുരുതരമായി പൊള്ളലേറ്റ  ലക്ഷദ്വീപ്‌ സ്വദേശികളായ രണ്ട്‌ മത്സ്യത്തൊഴിലാളികളെ  മറ്റു ബോട്ടുകാർ  രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   താജുൽ അക്ബർ (27), എം മുഹമ്മദ്‌ റാസിക് (37) എന്നിവരെയാണ് കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത് .   

ലക്ഷദ്വീപ് കിൽത്താൻ അരക്കലപുര ദിൽബർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള "അഹൽ ഫിഷറീസ് - 2' എന്ന ബോട്ടാണ് അഗ്നിക്കിരയായത്. ലക്ഷങ്ങളുടെ  നഷ്ടമുണ്ട്.  ശനി രാത്രി  11.45നാണ്‌ തീപിടിത്തമുണ്ടായത്‌.  ബോട്ടിലെ വല, എൻജിൻ, വീൽ ഹൗസ്, ഡെക്ക്, മറ്റു ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട സാഹസി  പ്രയത്നത്തിലൂടെ ഞായർ പുലർച്ചെ നാലോടെയാണ് തീ പൂർണമായി നിയന്ത്രിക്കാനായത്.  ബേപ്പൂർ മറൈൻ  എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗമാണ് അപകട വിവരം ഫയർ ഫോഴ്സിൽ അറിയിച്ചത്

   അഗ്നിരക്ഷാ സേനാംഗങ്ങൾ  ഫ്ലോട്ടിങ് പുമ്പുമായി ബോട്ടിന്‌ സമിപമെത്തി തീ അണയ്‌ക്കുന്നതിനിടെ മൂന്ന്  തവണ സ്ഫോടനമുണ്ടായി. സേനാംഗങ്ങൾ  താഴെ ഇരുന്നതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ആദ്യത്തെ പൊട്ടിത്തെറിയിൽ ഫ്ലോട്ടിങ്‌ പമ്പ് മുങ്ങി. എൻജിനിൽ വെള്ളം കയറി പ്രവർത്തനരഹിതമായി. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതിനാൽ  ഫോം ടെൻഡർ ഉപയോഗിക്കാനായി ജങ്കാറിന്റെ സഹായം തേടുകയായിരുന്നു. തീപിടിത്തം  പുഴ‌ക്ക്‌ നടുവിലായതിനാലും സമീപത്തെ ബോട്ടുകൾ വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാലും  വൻ ദുരന്തം ഒഴിവാക്കാനായി.

 വിവിധ നിലയങ്ങളിൽനിന്ന്‌ കൂടുതൽ യൂണിറ്റുകൾ പമ്പുകളെത്തിച്ച്‌ കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ ഘടിപ്പിച്ച്  വെള്ളം  പമ്പ് ചെയ്തെങ്കിലും തീ അണയ്‌ക്കാനായില്ല. ഒടുവിൽ ജങ്കാർ എത്തിയശേഷം ഇതിൽ രണ്ട് ഫോം ടെൻഡർ യൂണിറ്റ് കയറ്റി കത്തുന്ന ബോട്ടിനരികിലെത്തി ഫോം  ഉപയോഗിച്ചതിന് ശേഷം  പുലർച്ചെ നാലോടെ  തീ പൂർണമായും അണയ്‌ക്കാനായത്. 

 തീയണയ്‌ക്കാൻ ഏകദേശം 20 ടിൻ ഫോം ഉപയോഗിക്കേണ്ടിവന്നു.  മീഞ്ചന്ത അസി.സ്റ്റേഷൻ ഓഫീസർമാരായ ഇ ശിഹാബുദ്ധീൻ , അബ്ദുൽ ഫൈസി, എസ്എഫ്ആർഒ പി സി മനോജ്  എന്നിവരുടെ നേതൃത്തിൽ ബീച്ച്, മീഞ്ചന്ത, നരിക്കുനി, മുക്കം നിലയങ്ങളിലെ ജീവനക്കാരും കോസ്റ്റ് ഗാർഡ്, ബേപ്പൂർ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌, ജങ്കാറിലെ  ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെയാണ് തീ അണയ്‌ക്കാനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top