വടകര
വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം തേടി എത്തിയവർ. അവസാന ആശ്രയംതേടി അപേക്ഷ നൽകിയവർ. അവരെ കേട്ടും ചേർത്തുപിടിച്ചും മന്ത്രിമാർ. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റെയും എ കെ ശശീന്ദ്രന്റെയും നേതൃത്വത്തിൽ നടന്ന വടകര താലൂക്ക് ‘കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 520 പരാതി. ഇവയിൽ 246 പരാതി പരിഹരിച്ചു. 146 പരാതി ഉദ്യോഗസ്ഥതലത്തിലും 100 പരാതി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലും പരിഹരിച്ചു. ബാക്കിയുള്ളവയിൽ തുടർനടപടി പൂർത്തിയാക്കി ഉടൻ പരിഹരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. ഓരോ പരാതിയും പരിഹരിക്കുന്ന മുറയ്ക്ക് തീരുമാനം പരാതിക്കാരെ അറിയിക്കും.
230 പരാതി ഓൺലൈനായാണ് ലഭിച്ചത്. 290 പരാതി അദാലത്ത് വേദിയിലും ലഭിച്ചു. പുതുതായി ലഭിച്ച അപേക്ഷകൾ വകുപ്പുകൾക്ക് കൈമാറി. ഇവയിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം തുടർനടപടിയെക്കുറിച്ച് 10 ദിവസത്തിനകം പരാതിക്കാരെ അറിയിക്കും.
വടകര ടൗൺഹാളിൽ നടന്ന അദാലത്തിൽ എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, കലക്ടർ സ്നേഹിൽ കുമാർ സിങ്, എഡിഎം എൻ എം മെഹറലി, അസി. കലക്ടർ ആയുഷ് ഗോയൽ, വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ, വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദ്, ഉത്തരമേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കീർത്തി, ഡിഎഫ്ഒ യു ആഷിഖ് അലി, ഡെപ്യൂട്ടി കലക്ടർമാർ എന്നിവർ നേതൃത്വം നൽകി.
കൊയിലാണ്ടിയിൽ
നാളെ അദാലത്ത്
കൊയിലാണ്ടി
കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺഹാളിൽ വ്യാഴാഴ്‌ചയും താമരശേരി മേരി മാതാ കത്തീഡ്രൽ ഹാളിൽ വെള്ളിയാഴ്‌ചയും താലൂക്ക് അദാലത്തുകൾ നടക്കും. രാവിലെ 10ന് തുടങ്ങുന്ന അദാലത്തുകൾക്ക് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
12 കുടുംബത്തിന്
മുൻഗണനാ കാർഡ്
വടകര
താലൂക്കിലെ 12 കുടുംബത്തിന് മുൻഗണനാ കാർഡ് വിതരണംചെയ്‌തു. വിവിധ കാരണങ്ങളാൽ മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ അപേക്ഷ നൽകിയവർക്കാണ് കാർഡ് നൽകിയത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും കാർഡുകൾ വിതരണംചെയ്‌തു. ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ള കുടംബങ്ങൾക്കാണ് കാർഡ് നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..