20 December Friday

പാതയോരത്ത്‌ പൊന്നുവിളയിച്ച ദാസ് ഇനി ടൂറിസത്തിന്റെ പ്രചാരകൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കടലുണ്ടി - ചാലിയം പാതയോരത്തെ കൃഷിയിടത്തിൽ 
കെ സി ദാസിൽനിന്ന്‌ ഉത്തരവാദിത്വ ടൂറിസം മിഷൻ 
ജില്ലാ കോ ഓർഡിനേറ്റർ വിവരങ്ങൾ ചോദിച്ചറിയുന്നു

ഫറോക്ക്  
കടലുണ്ടി –- ചാലിയം റോഡിൽ ഒന്നാം പാലം കടന്നാൽ  യാത്രക്കാരെ വരവേൽക്കുന്നത്‌ പാതയോരത്തുള്ള  കുലച്ച്‌ നിൽക്കുന്ന  നെൽക്കതിരാണ്‌.   റോഡിനിരുവശവും നെല്ല്‌ വിളയിച്ച്‌  മനോഹരമാക്കിയതിന്റെ  ക്രെഡിറ്റ്‌ സമീപവാസിയായ കക്കാട്ട് കെ സി ദാസിനുള്ളതാണ്‌.  മാലിന്യവും പുൽക്കാടും നിറഞ്ഞ പാതയോരങ്ങൾ ശുചീകരിച്ച്  ദാസ്‌ ഒരുക്കുന്ന നെൽകൃഷി കണ്ട്‌   നാട്ടുകാരായ ചിലർ അര ഏക്കർവരെ സ്ഥലം  പച്ചക്കറിയുൾപ്പെടെയുള്ള കൃഷികൾക്കായി നൽകി.  ഇതിൽ ഇഞ്ചിയും മഞ്ഞളും ചേനയും  ചേമ്പുമെല്ലാം കൃഷിചെയ്യുന്നുണ്ട്. ഇതിലൊന്നും ഒതുങ്ങുന്നില്ല 69 കാരനായ ദാസ് .
നാട്ടിലും സമീപ പ്രദേശങ്ങളിലുമെല്ലാം സൈക്കിളിൽ ചുറ്റിനടന്ന് ആഴ്ചയിൽ ഒരുദിവസം  116 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ശുചീകരിച്ച് പരിപാലിക്കുന്നത്. ഇവയിൽ മലപ്പുറം ജില്ലയിലെ അത്താണിക്കൽ , ഒലിപ്രം കടവ് ഉൾപ്പെടെയുള്ള റൂട്ടുകളിലെ കാത്തിരിപ്പുകേന്ദ്രങ്ങളുമുണ്ട്. 
മൂന്നര മാസം മുമ്പ് വിത്തിട്ട പാതയോരത്ത് ഓണത്തിന് ശേഷം  സ്‌കൂൾ കുട്ടികളെ കൂട്ടിയാകും  കൊയ്ത്ത്. മറ്റു ഉൾവഴിയോരത്തുമുണ്ട് ദാസിന്റെ കൃഷി. കൃഷിയിലുള്ള താൽപ്പര്യവും ജീവിത സായാഹ്നത്തിലും തുടരുന്ന  സേവന സന്നദ്ധതയും കണക്കിലെടുത്ത് ടൂറിസം വകുപ്പിന് കീഴിൽ കടലുണ്ടി പഞ്ചായത്തിൽ നടപ്പാക്കുന്ന " ട്രീറ്റ് പദ്ധതി’യിൽ പങ്കാളിയാക്കി. ഇതിന്റെ മുഖ്യ പ്രചാരകനാക്കി ദാസിന്റെ സേവനം ഫലപ്രദമായി വിനിയോഗിക്കുകയാണ്‌ ലക്ഷ്യമെന്ന്‌  ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി അറിയിച്ചു. കൂടുതൽ സ്ഥലത്ത് കൃഷിയൊരുക്കാൻ മുന്തിയ ഇനം വിത്തുകൾ വയനാട്ടിൽനിന്നുൾപ്പെടെ എത്തിച്ചുനൽകാമെന്നും അറിയിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് തന്നെ പങ്കാളിയാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ദാസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top