വടകര
റെയിൽവേ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ചാർജ് കുത്തനെ വർധിപ്പിച്ചു. 12 രൂപയുണ്ടായിരുന്ന ചാർജാണ് ഒറ്റയടിക്ക് 18 ആയി വർധിപ്പിച്ചത്. യാത്രക്കാരുടെ പരാതിയിൽ മണിക്കൂറുകൾക്കകം ചാർജ് പിൻവലിച്ച് കരാറുകാരനിൽനിന്ന് പിഴ ഈടാക്കി. ഓട്ടോയുടെ ചാർജ് വർധിപ്പിച്ചതിനെതിരെ തൊഴിലാളി യൂണിയനുകൾ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ പൊലീസ് ഇടപെട്ട് താൽക്കാലികമായി ഫീസ് വർധന നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇരുചക്രവാഹനങ്ങളുടെയും പാർക്കിങ് ചാർജ് വർധിപ്പിച്ചത്.
വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ചാർജ് വർധന തിരിച്ചടിയായി. റെയിൽവേ പാർക്കിങ് ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ മാറിയെന്നാണ് റെയിൽവേയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. പാർക്കിങ് ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മുന്നറിയിപ്പ് നൽകിയിരുന്നില്ല. അതിനാൽ, ഇരുചക്രവാഹന യാത്രക്കാരുമായി തർക്കവും ഉടലെടുത്തു. ചോദ്യംചെയ്തവരെ പാർക്കിങ് സ്ഥലത്ത് ഫീസ് പിരിക്കുന്ന സ്ത്രീകളെ സഹായിക്കാനെന്ന പേരിൽ നിയമിച്ചവർ ഭീഷണിപ്പെടുത്തിയതായി യാത്രക്കാർ പറഞ്ഞു.
വടകര റെയിൽവേ സ്റ്റേഷനിൽ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്. ഇതിന് റെയിൽവേയിലെ ചില ഉദ്യേഗസ്ഥർ സഹായം ചെയ്യുന്നതായും ആക്ഷേപമുണ്ട്. ദിനംപ്രതി ആയിരത്തിലധികം ഇരുചക്ര വാഹനങ്ങളാണ് വടകര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..