കോഴിക്കോട്
സാധനം ഏതുമാകട്ടെ, 16 മണിക്കൂറിനുള്ളിൽ ചുരുങ്ങിയ ചെലവിൽ ആവശ്യക്കാരുടെ കൈയിലെത്തിക്കാൻ കുതിച്ചുപായുകയാണ് ആനവണ്ടികൾ. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് ജനം ഏറ്റെടുത്തതോടെ ടിക്കറ്റിതര വരുമാനത്തിലൂടെ വൻ നേട്ടം കൊയ്യുകയാണ് കെഎസ്ആർടിസി.
ജില്ലയിൽ ആഗസ്-ത് മാസത്തിലെ മാത്രം കൊറിയർ വരുമാനം 4,29,000 രൂപയാണ്. ജനുവരിയിൽ 3,19,000 രൂപ ആയിരുന്നു. 15,000 മുതൽ 20,000 രൂപ വരെയാണ് ദിവസവരുമാനം. ഈ വർഷത്തെ ആകെ കണക്കെടുത്താൽ 28,00,000 രൂപയ്ക്ക് മുകളിലാണ് വരുമാനം. സംസ്ഥാനത്താകെ 15 മാസംകൊണ്ട് അഞ്ചുകോടിയിലധികം വരുമാനമാണ് ലഭിച്ചത്.
ഇരുനൂറിലധികം പാർസലുകളാണ് ദിവസേന കോഴിക്കോട് ഡിപ്പോയിലെത്തുന്നത്. കൂടുതലും തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ്. ലബോറട്ടറി സാമ്പിളുകളും കമ്പനി ഉൽപ്പന്നങ്ങളുമാണ് കൂടുതൽ. വടകര, താമരശേരി ഡിപ്പോകളിലും ഈ വർഷം പുതിയ കൗണ്ടറുകൾ തുടങ്ങുമെന്ന് മാർക്കറ്റിങ് എക്-സിക്യൂട്ടീവ് എസ് റഫീഖ് അറിയിച്ചു.
ഭാരം കൂടിയ പാർസലുകൾ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബസിനുപുറമെ പ്രത്യേക വാഹനസൗകര്യവും ഉടൻ ഏർപ്പെടുത്തും. ഇതിനായി പുതിയ കൗണ്ടറുകൾ ഡിപ്പോകളിൽ തുടങ്ങുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയുംചെയ്യും. 24 മണിക്കൂറും അവധിയില്ലാതെയാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന്റെ പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..