കോഴിക്കോട്
റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ ഓഫീസ് ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് നാലിലേക്ക് മാറ്റി. സ്‌റ്റേഷൻ നവീകരണ പ്രവൃത്തിയുടെ ഭാഗമായാണിത്. നാലാം പ്ലാറ്റ്ഫോമിൽ പാഴ്സൽ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് താൽക്കാലികമായി റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കുക. ഇൻഫർമേഷൻ സെന്ററും ഒരാഴ്ചയ്ക്കകം നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റും.
സാധാരണ ടിക്കറ്റ് വിതരണം ചെയ്യുന്ന കൗണ്ടർ ഒന്നിൽ തന്നെ തുടരുമെങ്കിലും നിർമാണപ്രവൃത്തി പുരോഗമിക്കുന്നതിനനുസരിച്ച് വൈകാതെ മറ്റൊരിടത്തേക്ക് മാറ്റും. ഒന്ന്, നാല് പ്ലാറ്റ്‌ഫോമുകളിൽ അഞ്ചുനില കെട്ടിടമാണുയരുക.
ആദ്യഘട്ടത്തിൽ ഒന്നാം പ്ലാറ്റ്ഫോമിലാണ് നവീകരണം. ആർആർഐ കാബിൻ, റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്, റെസ്റ്റ് ഹൗസ്, റണ്ണിങ് റൂം, ഗവ. റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നീ കെട്ടിടങ്ങൾ നിലനിർത്തി ശേഷിക്കുന്നവയെല്ലാം പൊളിക്കും. നാലാം പ്ലാറ്റ്‌ഫോമിന് പുറത്തുള്ള ഭാഗങ്ങളിലാണ് നിലവിൽ നവീകരണം നടക്കുന്നത്. മൾട്ടി ലെവൽ പാർക്കിങ് പ്ലാസകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ, ഹെൽത്ത് യൂണിറ്റ് എന്നിവയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. റെയിൽവേ ഓഫീസുകൾക്കായി നാലാം പ്ലാറ്റ്ഫോമിനുപുറത്ത് 1222 ചതുരശ്ര മീറ്ററിൽ മൂന്നുനില കെട്ടിടമുയരും. ഒന്നിലും നാലിലും നിലവിലുള്ള പ്ലാറ്റ്ഫോമുകൾക്കുപകരം രണ്ടര ഇരട്ടി കൂടുതൽ വീതിയിലാണ് പുതിയ പ്ലാറ്റ്ഫോമുകൾ. എന്നാൽ നീളം കുറയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..