കോഴിക്കോട്
ജൈവവൈവിധ്യംകൊണ്ടും പാരിസ്ഥിതിക പ്രാധാന്യത്താലും ശ്രദ്ധേയമായ കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ എരഞ്ഞിപ്പാലം സരോവരം പ്രദേശത്തെ വാഴത്തിരുത്തി പ്രദേശം ഭൂമാഫിയ മണ്ണിട്ട് നികത്തുന്നു. അന്തർദേശിയ തലത്തിൽ ഉണ്ടാക്കുന്ന തണ്ണീത്തടങ്ങളുടെ റംസാർ പട്ടികയിൽ കോട്ടൂളിയെ ഉൾപ്പെടുത്താനുള്ള നടപടി പൂർത്തിയായി വരുന്നതിനിടെയാണ് നഗരത്തോട് ചേർന്ന ഏക്കർ കണക്കിന് തണ്ണീർത്തടം ഭൂമാഫിയ മണ്ണിട്ടുനികത്തുന്നത്. വാഴത്തിരുത്തി പ്രദേശത്ത് രണ്ടുവർഷം മുമ്പ് ഇത്തരത്തിൽ മണ്ണിട്ടുനികത്തലിന് എതിരെ വലിയ ജനകീയപ്രതിഷേധമുയരുകയുണ്ടായി. സരോവരം തണ്ണീർത്തട സംരക്ഷണ സമിതി രൂപീകരിച്ചാണ് പ്രതിഷേധം ഏകോപിപ്പിച്ചത്. വെറ്റ്‌ലാൻഡ് അതോറിറ്റി ഓഫ് കേരളയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കേന്ദ്ര പരിസ്ഥിതി, വന മന്ത്രാലയത്തിന്റെ ശ്രദ്ധയിലും കൊണ്ടുവന്നു. കോർപറേഷൻ കോട്ടൂളിയെ റംസാർ സൈറ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശ നൽകി കാത്തിരിക്കുകയാണ്. അത് അംഗീകരിക്കപ്പെട്ടാൽ അതീവ സംരക്ഷണമേഖലയാവും. അതിനുമുമ്പ് പരമാവധി മണ്ണിടാനുള്ള ശ്രമമാണ് നടക്കുന്നത്.
കോർപറേഷന്റെ കിഴക്കൻ പ്രദേശങ്ങളായ ഇരിങ്ങാടൻപള്ളി, വെള്ളിമാടുകുന്ന്, ചേവരമ്പലം, മലാപ്പറമ്പ്, ചേവായൂർ ഭാഗങ്ങളിൽനിന്ന് ഒഴുകിവരുന്ന വെള്ളം വാഴത്തിരുത്തി തണ്ണീർത്തടത്തിൽ സംഭരിക്കപ്പെടും. അധികം വരുന്ന വെള്ളം കനോലി കനാൽ വഴി കടലിലെത്തുന്നതിനാൽ വെള്ളപ്പൊക്കവും ഒഴിവാകുന്നു. വിവിധ തരം കണ്ടൽക്കാടുകൾ, അപൂർവയിനം സസ്യങ്ങൾ, നൂറിലധികം പക്ഷിയിനങ്ങൾ, ദേശാടനപ്പക്ഷികൾ, തുമ്പികൾ, ചിത്രശലഭങ്ങൾ, ജലജീവികൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ കലവറയാണ് തണ്ണീർത്തടം. അത് സംരക്ഷിക്കാനുള്ള നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല എന്ന പരാതി വ്യാപകമാണ്.
കഴിഞ്ഞ ദിവസം നഗരത്തിലെ പ്രമുഖ ഗ്രൂപ്പിന്റെ വാഹനം സിപിഐ എം നേതൃത്വത്തിൽ തടഞ്ഞ് അധികാരികളെ ഏൽപ്പിച്ചു.
മേയർ ബീന ഫിലിപ്പ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ, നേതാക്കളായ കെ പി സലീം, ടി സി ബിജുരാജ്, കൗൺസിലർ എം എൻ പ്രവീൺ എന്നിവർ സ്ഥലം സന്ദർശിച്ചു.
മണ്ണുമാന്തി
കസ്റ്റഡിയിലെടുത്തു
എരഞ്ഞിപ്പാലം സരോവരത്ത് തണ്ണീർത്തടം നികത്താനുള്ള ശ്രമം തടഞ്ഞു. മണ്ണുമാന്തി യന്ത്രം റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു. സരോവരത്തിനുസമീപം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്വകാര്യ സ്ഥലമാണ് ബുധൻ ഉച്ചയോടെ മണ്ണിട്ട് നികത്താൻ തുടങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വേങ്ങേരി വില്ലേജ് ഓഫീസർ മണ്ണ് നീക്കംചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..