12 December Thursday

പുതുപ്പാടിയിലെ ഭൂമിപ്രശ്‌നം പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

സിപിഐ എം താമരശേരി ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

താമരശേരി
പുതുപ്പാടി പഞ്ചായത്തിലെ ഭൂമിപ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന്‌ സിപിഐ എം താമരശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഈങ്ങാപ്പുഴ വില്ലേജിലെ 1/1 , 100/1 സർവേ നമ്പറുകളിൽപ്പെട്ട നിരവധി കുടുബങ്ങളാണ്‌ ഭൂമി‌ക്ക്‌ പട്ടയവും രേഖകളും ലഭിക്കാതെ ബുദ്ധിമുട്ടുന്നത്‌. 1/1 ലെ 450 കുടുംബങ്ങൾ 15 വർഷത്തിലധികമായി പട്ടയത്തിന്‌ അപേക്ഷ നൽകിയിട്ട്‌. എസ്‌എംസി നമ്പർ ലഭിച്ച്‌ പട്ടയത്തിന്‌ കാത്തിരിക്കുകയാണ്‌. 100/1 ലെ 300 കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്‌. ചിലർക്ക്‌ പട്ടയത്തിന്‌ അപേക്ഷിക്കാൻപോലും സാധിക്കുന്നില്ല. ഇതിനെല്ലാം പരിഹാരം കാണണമെന്നും സമ്മേളനം അധികാരികളോട്‌ ആവശ്യപ്പെട്ടു. 
വയനാട്‌ ദുരന്തത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഓമശേരി നടമ്മൽകടവ് പാലം നിർമാണം ഉടൻ ആരംഭിക്കുക, കിനാലൂരിൽ എയിംസിനായി ഏറ്റെടുത്ത സ്ഥലത്ത് എയിംസ് സ്ഥാപിക്കുക, രണ്ട് കണ്ടി-–-വട്ടചുഴലി പ്രദേശത്തെ 60 കുടുബങ്ങൾക്ക് ഭൂനികുതി അടയ്ക്കാൻ സൗകര്യം ഒരുക്കുക, സഹകരണ മേഖലയിൽ കാർഷിക ഉൽപ്പാദന സഹകരണ സംഘങ്ങൾ രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
ഏരിയാ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച‌ക്ക്‌ ഏരിയാ സെക്രട്ടറി കെ ബാബു, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ മറുപടിനൽകി. ടി മഹറൂഫ്‌ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, മാമ്പറ്റ ശ്രീധരൻ, ടി വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ പി ഭാസ്കരൻ, ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.  
വൈകിട്ട്‌ എലോക്കര കേന്ദ്രീകരിച്ച്‌ ചുവപ്പുസേനാ മാർച്ചും ആയിരങ്ങൾ അണിനിരന്ന ബഹുജന റാലിയും നടന്നു. സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്തു. കെ ബാബു അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ പി ഭാസ്കരൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി സി വാസു, എൻ കെ സുരേഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ സി വേലായുധൻ സ്വാഗതം പറഞ്ഞു. തുടർന്ന് ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top