23 December Monday
33 സ്ഥാപനങ്ങൾക്ക്‌ പിഴ

ഓണവിപണിയിൽ പരിശോധന: 
16 സ്ഥാപനങ്ങൾ പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തിയപ്പോൾ

 
കോഴിക്കോട്‌
ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 16 സ്ഥാപനങ്ങൾ പൂട്ടാൻ നോട്ടീസ്‌ നൽകി. ഇതുവരെയായി 383 സ്ഥാപനങ്ങളാണ്‌ പരിശോധിച്ചത്‌.  
ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സിപിആർ ചിക്കൻ സ്റ്റാളുകൾക്കെതിരെ ആർഡിഒ കോടതിയിൽ കേസ് ഫയൽ ചെയ്യാനും ഉത്തരവിട്ടു. ചത്ത കോഴിയെ വിറ്റ അണ്ടിക്കോട് സിപിആർ ചിക്കൻ സ്റ്റാളിനെതിരെയും നടക്കാവിൽ പ്രവർത്തിച്ച സിപിആർ സ്റ്റാളിനെതിരെയുമാണ്‌ കേസ്‌.  
മറ്റു ന്യൂനതകൾ കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. 42 സ്ഥാപനങ്ങൾക്ക്‌ നോട്ടീസ്‌ നൽകി. ശർക്കര, നെയ്യ്, പാലട, ചിപ്സ്, പരിപ്പ്, പഞ്ചസാര, പപ്പടം, പാൽ, പഴവർഗങ്ങൾ തുടങ്ങി 76 ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പരിശോധനക്കയച്ചു. ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന്‌ അസി. കമീഷണർ അറിയിച്ചു.
അഞ്ച്‌ സ്ക്വാഡുകളായാണ് പരിശോധിച്ചത്. പഴക്കടകൾ, പച്ചക്കറിക്കടകൾ, പലചരക്ക് കടകൾ എന്നിവക്കെല്ലാം ലൈസൻസ് നിർബന്ധമാണ്. ശുചിത്വവും മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾക്ക്‌ 10 ലക്ഷം രൂപ വരെ പിഴയീടാക്കാം.   
സദ്യവിതരണം നടത്തുന്ന കാറ്ററിങ് യൂണിറ്റുകളും ഭക്ഷ്യമേളകൾ നടത്തുന്ന സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്നും  ഉപഭോക്താക്കൾ പാഴ്സൽ ഭക്ഷണം രണ്ട്‌ മണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top