18 September Wednesday

മായില്ല, മനസ്സിൽനിന്ന്‌

സ്വന്തം ലേഖകൻUpdated: Friday Sep 13, 2024

സീ‌താറാം യെച്ചൂരി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ

കോഴിക്കോട്‌ 
ടാഗോർ ഹാൾ, ടൗൺ ഹാൾ, മുതലക്കുളം, ബീച്ച്‌... കോഴിക്കോട്ടെ പ്രധാന വേദികളിലെല്ലാം സീതാറാം യെച്ചൂരിയുടെ ശബ്ദം മുഴങ്ങിയിട്ടുണ്ട്‌. സെമിനാറായും രാഷ്‌ട്രീയ വിശദീകരണമായും സഖാവിന്റെ നിരവധി പ്രസംഗം ഈ വേദികളിൽ അരങ്ങേറി. ജനങ്ങളെ കണ്ടും കേട്ടുമായിരുന്നു എന്നും യെച്ചൂരി കോഴിക്കോട്ടുനിന്ന്‌ മടങ്ങാറ്‌. കോഴിക്കോടൻ മനസ്സിൽ ചിരസ്‌മരണയായ സാന്നിധ്യമായി മാറിയ സിപിഐ എമ്മിന്റെ ദേശീയ നേതാവാണ്‌ യെച്ചൂരി. 
എന്നാൽ അവസാനമായി വന്നപ്പോൾ പാർടി പ്രവർത്തകരെ മാത്രം കണ്ടായിരുന്നു മടക്കം. സിപിഐ എം മേഖലാ പ്രവർത്തകയോഗത്തിനായിരുന്നു സഖാവിന്റെ വരവ്‌. ജൂലൈ മൂന്നിന്‌ സരോവരം ട്രേഡ്‌ സെന്ററിലായിരുന്നു യോഗം. കാസർകോട്‌ മുതൽ പാലക്കാട്‌ വരെയുള്ള പ്രവർത്തകർ യോഗത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്‌ അവലോകനമായിരുന്നു വിഷയം. യോഗത്തിൽ പങ്കെടുക്കാൻ  രണ്ടിന്‌ രാത്രിതന്നെ കോഴിക്കോട്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ പാർടി ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ സ്വീകരിച്ചത്‌. മൂന്നിന്‌ വൈകിട്ട്‌ കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മടങ്ങി. വന്ദേഭാരതിനാണ്‌ പോയത്‌. സ്‌റ്റേഷനിൽ കണ്ട എല്ലാവരോടും സംസാരിച്ചും കൈകൂപ്പിയും സ്വതഃസിദ്ധമായ സ്‌നേഹസൗഹൃദം പങ്കിട്ടായിരുന്നു കോഴിക്കോടിനോട്‌ വിടപറഞ്ഞത്‌. 
കോഴിക്കോട്ടെത്തിയാൽ ഗസ്‌റ്റ്‌ഹൗസിലെ താമസമായിരുന്നു യെച്ചൂരി ഇഷ്‌ടപ്പെട്ടിരുന്നത്‌. ഗസ്‌റ്റ്‌ഹൗസിലെ ഒന്നാംനിലയിലെ മുറിയിൽ പതിവ്‌ താമസം. ലോകകപ്പ്‌ ഫുട്‌ബോൾ കാലത്ത്‌ കോഴിക്കോട്ടെത്തിയപ്പോൾ ഉറക്കമിളച്ചിരുന്ന്‌ കളി കാണുകയുമുണ്ടായി. പാരഗൺ ഹോട്ടലിൽനിന്നും മറ്റും ഭക്ഷണം കഴിക്കാനും യെച്ചൂരി താൽപ്പര്യം കാട്ടിയിരുന്നു. ഭക്ഷണം കഴിക്കുന്നവരുമായി സൗഹൃദം പങ്കിടാനും ജീവനക്കാരെ പരിചയപ്പെടാനും ശ്രദ്ധിച്ചിരുന്നു. 
ഒരിക്കൽ ടൗൺഹാളിൽ സെമിനാറിന്‌ വന്ന യെച്ചൂരി ഇടവേളയിൽ സിഗരറ്റ്‌ കൊളുത്താനായി ആർട്ട്‌ ഗ്യാലറി പരിസരത്തെത്തി. ഗ്യാലറിയിലെ കൽപ്പടവിലിരുന്ന സഖാവിന്‌ ചുറ്റുംകൂടി സാംസ്‌കാരിക പ്രവർത്തകർ കൊട്ടിപ്പാടിയതടക്കം കോഴിക്കോടിന്‌ മറക്കാനാകാത്ത യെച്ചൂരി ഓർമകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top