23 December Monday
വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പ്

തിരുവമ്പാടിയിൽ 
1,84,808 വോട്ടര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
കോഴിക്കോട്
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ബൂത്തുകൾ ഒരുങ്ങി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കലക്ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു. ബുധൻ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 
കൺട്രോൾ റൂം 
പ്രവർത്തനം 
ആരംഭിച്ചു
മണ്ഡലത്തിൽ മൂന്ന് ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 181 പോളിങ്‌ സ്റ്റേഷനുകളാണുള്ളത്. മൂന്ന് മാതൃകാ പോളിങ് സ്റ്റേഷനും ഒരു പിങ്ക് (സ്ത്രീ സൗഹൃദ) പോളിങ് സ്റ്റേഷനും ഇതിൽപ്പെടും. എല്ലാ പോളിങ് സ്‌റ്റേഷനിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി.  
വോട്ടെടുപ്പ് നടപടിക്രമങ്ങൾ വെബ്കാസ്റ്റിങ് വഴി നിരീക്ഷിക്കാൻ കൺട്രോൾ റൂം കോഴിക്കോട് കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസിലും ഉപവരണാധികാരിയുടെ നിയന്ത്രണത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. 
മാതൃകാ പോളിങ് സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള വീൽചെയർ, മുതിർന്ന പൗരർക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 1200 വോട്ടർമാരിൽ കൂടുതലുള്ള സ്‌റ്റേഷനുകളിൽ ഒരു പോളിങ് ഓഫീസറെ വീതം അധികവും നിയോഗിച്ചു. 
1,84,808 വോട്ടർമാർ
മണ്ഡലത്തിൽ ഇത്തവണ 93,371 സ്ത്രീകളും 91,434 പുരുഷന്മാരും മൂന്ന് ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെ 1,84,808 വോട്ടർമാരാണുള്ളത്. 18, 19 പ്രായപരിധിയിലുള്ള 2277 പുതിയ വോട്ടർമാരും 2792 ഭിന്നശേഷി വോട്ടർമാരുമുണ്ട്.
കനത്ത സുരക്ഷ 
700- ഓളം പൊലീസ് ഉദ്യോഗസ്ഥരെ മണ്ഡലത്തിൽ നിയോഗിച്ചു. സിഎപിഎഫ്, ആംഡ് പൊലീസ് ബറ്റാലിയൻ, കേരള പൊലീസ് എന്നിവരുടെ കനത്ത സുരക്ഷയിലാണ് പോളിങ് നടക്കുക. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top