23 December Monday
തോട്‌ മുഴുവൻ കോൺക്രീറ്റ്‌ ഭിത്തി കെട്ടും

ആവിക്കൽ ഭാഗത്ത്‌ ടെട്രാപോഡ്‌ കടൽഭിത്തി ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ആവിക്കൽ തോട് കടലിനോട് ചേരുന്ന ഭാഗത്ത് ടെട്രാപോഡ് കടൽഭിത്തി 
നിർമിക്കുന്നതിന്റെ ഭാഗമായി പൈലിങ് പ്രവൃത്തി ആരംഭിച്ചപ്പോൾ

സ്വന്തം ലേഖിക
കോഴിക്കോട്‌
ജില്ലയിലും ചെല്ലാനം മോഡൽ ടെട്രാപോഡ്‌ കടൽഭിത്തി ഒരുങ്ങുന്നു. ആവിക്കൽ തോട്‌ ചേരുന്ന കടലിന്റെ ഭാഗത്ത്‌ 30 മീറ്റർ നീളത്തിലാണ്‌ ടെട്രാപോഡ്‌ ഭിത്തി നിർമിക്കുക.  തോട്ടിലേക്ക്‌ മണലടിഞ്ഞ്‌ ഒഴുക്കുനിലച്ച്‌ പരിസര പ്രദേശങ്ങളിൽ വെള്ളം കയറുന്നത്‌  പരിഹരിക്കാനായി തുറമുഖ വകുപ്പാണ്‌ പുതിയ സംവിധാനം നടപ്പാക്കുന്നത്‌. ആവിക്കൽ തോട്ടിലെ ചെളിയെടുത്ത്‌ ആഴം കൂട്ടി, സംരക്ഷണഭിത്തിയൊരുക്കി കിഴക്കുഭാഗത്തെ വീടുകളിൽ വെള്ളം കയറുന്നത്‌ ഒഴിവാക്കാനുള്ള അഞ്ച്‌ കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണിത്‌.  
ബീച്ച്‌ ഭാഗത്ത്‌ തോടിന്റെ രണ്ട്‌ വശത്തും പുലിമുട്ട്‌ മാതൃകയിൽ നേരത്തെ കല്ലിട്ടിരുന്നു. എന്നാൽ കല്ലുകൾ തിരയെടുക്കുന്നതിനാൽ വീണ്ടും മണൽ കയറി ഒഴുക്ക്‌ തടസ്സപ്പെടുകയാണ്‌. ഇതിന്‌ പരിഹാരമായി, രണ്ട്‌ വശങ്ങളിലും പൈലിങ്‌ ചെയ്‌ത്‌ കോൺക്രീറ്റ്‌ ഭിത്തികെട്ടി, കടലിന്‌ അഭിമുഖമായി നിൽക്കുന്ന ഭാഗത്ത്‌ ടെട്രാപോഡ്‌ സ്ഥാപിക്കും. നിലവിൽ പൈലിങ്‌ പ്രവൃത്തി പുരോഗമിക്കുകയാണ്‌. ഈ ആഴ്‌ച പൂർത്തിയാവും. സമീപത്ത്‌ തന്നെ ടെട്രാപോഡ്‌ നിർമാണവും നടക്കുന്നുണ്ട്‌. ആറ്‌ മാസത്തിനുള്ളിലായി പ്രവൃത്തി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.  
1.3 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാലിന്യം നീക്കൽ, ആഴം കൂട്ടൽ, ബിജി റോഡിൽ സംരക്ഷണ ഭിത്തി കെട്ടൽ തുടങ്ങിയവ പൂർത്തിയാക്കി. ഇതിന്‌ ശേഷം കഴിഞ്ഞ രണ്ടുവർഷവും പ്രദേശത്ത്‌ വെള്ളം പൊങ്ങിയിട്ടില്ല.  3.70 കോടി രൂപയുടെ രണ്ടാം ഘട്ടമാണ്‌ പുരോഗമിക്കുന്നത്‌. കിഴക്കുഭാഗത്ത്‌ തോടിന്‌ മുഴുവൻ കോൺക്രീറ്റ്‌ സംരക്ഷണഭിത്തിയും കെട്ടും.
എന്താണ്‌ ട്രെട്രാപോഡ്‌
നാലുവശത്തേക്കും നീണ്ട കാലുകളോടെ നിർമിക്കുന്ന കോൺക്രീറ്റ്‌ രൂപമാണ്‌ ടെട്രാപോഡ്‌. ഇത്‌ കടലിനോട്‌ ചേർന്ന്‌ അടുക്കിവച്ചാൽ ഇതിന്റെ ഘടനാ പ്രത്യേകത മൂലം തീരത്തേക്ക്‌ തിരയടിച്ചെത്തുന്നതും കടലേറ്റവും തീരം ഇടിയുന്നതും തടയാനാവും. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top