24 November Sunday
മലാപ്പറമ്പ്‌ മേൽപ്പാത

നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

മേൽപ്പാത നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന മലാപ്പറമ്പ് ജങ്ഷൻ

കോഴിക്കോട്‌
ദേശീയപാതയിലെ രാമനാട്ടുകര–-വെങ്ങളം ഭാഗം ആറുവരിയാക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ്‌ മേൽപ്പാതയ്ക്കായി കുഴിയെടുക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. 40 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലുമായി മലാപ്പറമ്പ്‌ ജങ്‌ഷനിൽ ഒമ്പത്‌ മീറ്റർ താഴ്‌ചയിലാണ്‌ കുഴിയെടുക്കുന്നത്‌. 
ജനുവരിയിൽ മേൽപ്പാത പൂർത്തിയാക്കാനാണ്‌ കരാർ ഏറ്റെടുത്ത കെഎംസി കൺസ്‌ട്രക്‌ഷൻസ്‌ ലക്ഷ്യമിടുന്നത്‌. പ്രവൃത്തിയുടെ ഭാഗമായി വയനാട്‌ റോഡിൽ മണ്ണുനീക്കൽ പൂർത്തിയായി. വയനാട്‌ റോഡ്‌ മേൽപ്പാതയിലൂടെ കടന്നുപോവുമ്പോൾ ഈ ഭാഗത്ത്‌ 6.2 മീറ്റർ താഴ്‌ചയിലൂടെയാവും ദേശീയപാത കടന്നുപോവുക. നിലവിൽ വയനാട്‌ റോഡ്‌ രണ്ടുവരിയാണ്‌. ഭാവി വികസനം മുന്നിൽക്കണ്ടാണ്‌ മേൽപ്പാത 40 മീറ്റർ വീതിയാക്കുന്നത്‌. മലാപ്പറമ്പ്‌ ജങ്‌ഷനിൽ 42 മീറ്റർ ചുറ്റളവിൽ താൽക്കാലിക റൗണ്ട്‌ എബൗട്ട്‌ നിർമിച്ചാണ്‌ വാഹനങ്ങൾ കടത്തിവിടുന്നത്‌. നിർമാണം പൂർത്തിയാവുന്നതുവരെ ഇത്‌ തുടരും. 
ദേശീയപാതയിൽ വേങ്ങേരിയിലും മലാപ്പറമ്പ്‌ ജങ്‌ഷനിലുമാണ്‌ മേൽപ്പാത നിർമിക്കുന്നത്‌. വേങ്ങേരിയിൽ 13 മീറ്റർ വീതിയിൽ മേൽപ്പാത നിർമിച്ച്‌ ഒരുഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ശേഷിക്കുന്ന ഭാഗത്ത്‌ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാക്കി നിർമാണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മണ്ണെടുത്ത് നിലം നിരപ്പാക്കും. ശേഷം തൂൺ നിർമിക്കാനാണ് പദ്ധതി. 
ജനുവരി 15നകം നിർമാണം പൂർത്തിയാക്കി പൂർണമായും​ ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കും. ബാലുശേരി–-കോഴിക്കോട് റോഡിന്‌ കുറുകെ 45 മീറ്ററിലാണ് ഓവർപാസ്. പൈപ്പ് മാറ്റാത്തതിനാൽ 13.75 മീറ്ററിൽ മാത്രമാണ് നിർമാണം പൂര്‍ത്തിയാക്കിയത്. ശേഷിക്കുന്ന 31.15 മീറ്റർ ഭാ​ഗത്തെ പ്രവൃത്തിയാണ് പുനരാരംഭിച്ചത്. നിലവിലെ റോഡിൽനിന്ന് 15 മീറ്റർ താഴ്ചയിലാണ് ദേശീയപാത കടന്നുപോകുന്നത്. ഇവിടെ 11 തൂണുകളിലായി 16 ഗർഡർ സ്ഥാപിച്ച് റോഡിന്‌ പകുതിവരെയാണ് ഓവർപാസ് ആദ്യഘട്ടം നിർമിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top