തിരുവമ്പാടി
സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലെ വി കെ പീതാംബരൻ നഗറിൽ ഉജ്വല തുടക്കം. മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ലാ കമ്മിറ്റിയംഗം വി വസീഫ് കൈമാറിയ ദീപശിഖ ഏരിയാ കമ്മിറ്റിയംഗം ലിന്റോ ജോസഫ് എംഎൽഎ ഏറ്റുവാങ്ങി അത്‌ലറ്റുകളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിച്ചു.
സ്വാഗതസംഘം കൺവീനർ ജോളി ജോസഫ് സമ്മേളനനഗരിയിൽ ദീപശിഖ ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റിയംഗം ഇ രമേശ്ബാബു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ജോണി ഇടശ്ശേരി താൽക്കാലിക അധ്യക്ഷനായി.
സ്വാഗതസംഘം കൺവീനർ ജോളി ജോസഫ് സ്വാഗതം പറഞ്ഞു. ദിപു പ്രേംനാഥ് രക്തസാക്ഷി പ്രമേയവും ലിന്റോ ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോണി ഇടശ്ശേരി, ജലീൽ കൂടരഞ്ഞി, ഇ അരുൺ, കെ പി ചാന്ദ്നി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
കെ ടി ബിനു (രജിസ്‌ട്രേഷൻ), ജോളി ജോസഫ് (പ്രമേയം), എ കെ ഉണ്ണികൃഷ്ണൻ (ക്രഡൻഷ്യൽ), സി എൻ പുരുഷോത്തമൻ (മിനുട്‌സ്) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി വി കെ വിനോദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചക്കുശേഷം പൊതുചർച്ച പൂർത്തിയായി. വെള്ളിയാഴ്ച നേതാക്കൾ ചർച്ചയ്‌ക്ക് മറുപടി പറയും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി വിശ്വനാഥൻ, എം മെഹബൂബ്, കെ കെ ദിനേശൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, എം ഗിരീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇസ്മയിൽ കുറുമ്പൊയിൽ, വി വസീഫ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
വെള്ളിയാഴ്‌ച വൈകിട്ട് ചുവപ്പുസേന മാർച്ചും ബഹുജന പ്രകടനവും മിൽമുക്കിൽ നിന്നാരംഭിക്കും. തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്തെ സീതാറാം യെച്ചൂരി–-കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..