കോഴിക്കോട്
ജില്ലയിൽ അതിദാരിദ്ര്യത്തിൽനിന്ന് കൈപിടിച്ചുയർത്തിയത് 251 കുടുംബങ്ങളെ. അതിദരിദ്രരെ കണ്ടെത്തി അവരെ ആ അവസ്ഥയിൽനിന്ന് മോചിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയിലൂടെയാണ് ഇത്രയും കുടുംബങ്ങൾക്ക് പുതുജീവിതമേകിയത്. അവശേഷിക്കുന്ന 6522 കുടുംബങ്ങളെ കൂടി നവംബറോടെ അതിദാരിദ്ര്യ വിഭാഗത്തിൽനിന്ന് മുക്തരാക്കുകയാണ് ലക്ഷ്യമെന്ന് ദാരിദ്ര്യലഘൂകരണ വിഭാഗം അറിയിച്ചു.
ജില്ലയിൽ അതിദാരിദ്ര്യ വിഭാഗത്തിൽ ഉള്ളതായി കണ്ടെത്തിയത് 6773 കുടുംബങ്ങളെയാണ്. ഇതിൽ 4741 കുടുംബങ്ങൾ പഞ്ചായത്തുകളിലും 1218 കുടുംബങ്ങൾ മുനിസിപ്പാലിറ്റികളിലും 814 കുടുംബങ്ങൾ കോർപറേഷൻ പരിധിയിലുമാണ്.
അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ 4559 കുടുംബങ്ങൾക്കും ആരോഗ്യപരമായ പരിമിതിയാണ് പ്രശ്നം. ഇവർക്കെല്ലാം ഇത് പരിഹരിക്കാനുള്ള സൗകര്യങ്ങൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന ഏർപ്പെടുത്തി.
വരുമാനമില്ലായ്മയാണ് 648 കുടുംബങ്ങളുടെ പ്രശ്നം. ഈ വിഭാഗത്തിലെ 143 കുടുംബങ്ങൾക്ക് വരുമാനം സാധ്യമാക്കി. ബാക്കിയുള്ളവരുടെ കാര്യത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
2708 കുടുംബങ്ങൾക്ക് തടസ്സമായിട്ടുള്ളത് പാർപ്പിടത്തിന്റെ അഭാവമായിരുന്നു. ഇവരിൽ 248 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി. 597 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിൽ കരാറായി. ഭക്ഷണകാര്യത്തിൽ പ്രശ്നം നേരിട്ടത് 2130 കുടുംബങ്ങളാണ്. ഇവർക്ക് തദ്ദേശസ്ഥാപനം വഴി ഭക്ഷണം ഏർപ്പെടുത്തി.
ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ നാല് ഘടകങ്ങളിൽ ഊന്നിയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..