നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടലിൽ വാണിമേൽ പഞ്ചായത്തിൽ മാത്രം 300 കോടിയിലേറെ രൂപയുടെ നാശനഷ്ടം. പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ച റിപ്പോർട്ട് സർക്കാരിനും വിവിധ വകുപ്പുകൾക്കും കൈമാറി. കാർഷികം, മൃഗസംരക്ഷണം, കുടിവെള്ളം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിൽ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. നരിപ്പറ്റ, വളയം, ചെക്യാട്, നാദാപുരം, തൂണേരി, എടച്ചേരി എന്നീ പഞ്ചായത്തുകളിൽ റോഡുകളും പാലങ്ങളും തകർന്നു. കൃഷി നശിച്ചു.
വിലങ്ങാട് പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്. 23 റോഡുകൾ, ഏഴ് കുടിവെള്ള ഉപപദ്ധതികൾ, 13 കൽവെർട്ടുകളും പാലങ്ങളും കെട്ടിടങ്ങളും തകർന്നു. 14.62 കോടിയുടെ നഷ്ടമുണ്ടായി. 112 വീടുകൾ വാസയോഗ്യമല്ലാതായി. 350 ഹെക്ടർ കൃഷിക്ക് 11.8 കോടിയുടെ നാശമുണ്ടായി. മൃഗസംരക്ഷണ മേഖലയിലും വൻ നാശനഷ്ടമുണ്ടായി. മേജർ ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള പുഴയുടെ 15 കിലോമീറ്ററോളം ദൂരത്തിൽ നാശമുണ്ടായി. മൈനർ ഇറിഗേഷൻ, വിവിധ കുടിവെള്ള പദ്ധതികൾ, പൊതുമരാമത്ത്, ഇലക്ട്രിസിറ്റി മേഖലകളിലും കോടികളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..