21 December Saturday
ചേർത്തുപിടിച്ച്‌ സർക്കാർ

ഓണം ഹാപ്പിയാവും

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2024

ഓണം ആഘോഷമാക്കാനുള്ള തിരക്കിലാണ് നാടെങ്ങും. കോഴിക്കോട് നഗരത്തിൽ വെള്ളിയാഴ്ച സാധനസാമഗ്രികൾ വാങ്ങാനെത്തിയവരുടെ തിരക്ക്. മിഠായിത്തെരുവിൽനിന്നുള്ള ദൃശ്യം

കോഴിക്കോട്‌
വിലക്കയറ്റം പിടിച്ചുനിർത്താനായി വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടായതോടെ ഇക്കുറിയും ഓണാഘോഷം കളറാകും. ക്ഷേമപെൻഷൻ ഉൾപ്പെടെ സർക്കാർ സഹായങ്ങളും എത്തിയതോടെ ഓണം സമൃദ്ധമാക്കാനുള്ള ഒരുക്കത്തിലാണ്‌ മലയാളികൾ. കർഷക തൊഴിലാളി, വാർധക്യം, വിധവ, അവിവാഹിത, ഭിന്നശേഷി തുടങ്ങിയ വിഭാഗങ്ങളിലുള്ളവരുടെ ക്ഷേമപെൻഷൻ ഇതിനകം നൽകി കഴിഞ്ഞു. ജില്ലയിൽ മാത്രം 2,60,049 ഗുണഭോക്താക്കൾക്കായി 39,51,86,900 രൂപയാണ്‌ നൽകിയത്‌.
വിലക്കയറ്റം ഭീഷണിയാവുമെന്ന ആശങ്കയും അസ്ഥാനത്തായി. ഓണച്ചന്തകളുമായി സർക്കാർ–- അർധ സർക്കാർ സംവിധാനങ്ങൾ നിറഞ്ഞു. സപ്ലൈകോ, കൺസ്യൂമർ ഫെഡ്‌, കുടുംബശ്രീ, കൃഷിവകുപ്പ്‌ എന്നിവയെല്ലാം ഓണച്ചന്തകളൊരുക്കി. സഹകരണ സ്ഥാപനങ്ങളിൽനിന്ന്‌ കുറഞ്ഞവിലയിൽ പലവ്യഞ്ജനങ്ങളും ലഭ്യമാക്കിയതോടെ അല്ലലില്ലാതെ ഇക്കുറിയും ഓണം വർണാഭമാക്കാം. വിലക്കുറവിന്റെ ഓണമൊരുക്കാൻ 13 ഇന അവശ്യസാധനങ്ങളാണ്‌ കൺസ്യൂമർ ഫെഡ്‌, സപ്ലൈകോ ഓണച്ചന്തകളിലൂടെ നൽകുന്നത്‌. 
സൗജന്യ ഓണക്കിറ്റും നൽകിയതോടെ നിറചിരിയോടെ ഓണം ആഘോഷിക്കാം. കുടുംബശ്രീയുടെ ഓണച്ചന്തകൾ നാട്ടിലും നഗരങ്ങളിലും സജീവമാണ്‌.  ഓണച്ചന്തകൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. ശനിയാഴ്‌ചവരെ ഓണച്ചന്തകൾ പ്രവർത്തിക്കും. ഖാദി, ഹാൻടെക്‌സ്‌, ഹാൻവീവ്‌ തുണിത്തരങ്ങൾക്ക്‌ സർക്കാർ റിബേറ്റ്‌ നൽകി. തിരുവോണത്തിന്‌ സംസ്ഥാന സർക്കാരിന്റെ കരുതൽ സ്‌പർശമായി ജില്ലയിലെ ബിപിഎൽ, എഎവൈ കുടുംബങ്ങൾക്കാണ്‌ ഓണക്കിറ്റുകൾ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top