വടകര
അക്ഷരം പഠിച്ച കാലം മുതൽ ദേശാഭിമാനിക്കൊപ്പമുണ്ട് മണിയൂർ മങ്കര കനവിലെ എം എം കണ്ണൻ. മുടങ്ങാത്ത വായനക്കാരനായി പത്രവുമായി ആത്മബന്ധം സ്ഥാപിച്ച കണ്ണൻ കാലങ്ങൾക്കിപ്പുറം ഏജന്റായി ബന്ധം അരക്കിട്ടുറപ്പിക്കുകയായിരുന്നു. പ്രായം എൺപതായിട്ടും പത്രവായനയിലും വിതരണത്തിലും ഇന്നും ഒരു മാറ്റവുമില്ല. മാതാപിതാക്കളുടെ മരണശേഷം ഒമ്പതാം വയസ്സിൽ പഠനം നിർത്തി. അക്കാലത്ത് മണിയൂരിൽ ദേശാഭിമാനി പത്രം അത്ര പ്രചാരത്തിലെത്തിയിരുന്നില്ല. കാരാമ്പ്ര കുഞ്ഞുണ്ണിക്കുറുപ്പിന്റെ പലചരക്ക് കടയിലേക്ക് പയ്യോളി അങ്ങാടിയിൽനിന്ന് ദേശാഭിമാനി വാങ്ങി എത്തിച്ചത് അക്കാലത്ത് കണ്ണനായിരുന്നു. കുറുന്തോടിയിൽ ചാത്തു ദേശാഭിമാനിയുടെ ഏജന്റായിരുന്ന കാലത്താണ് മണിയൂർ പ്രദേശത്ത് പത്രം എത്തിത്തുടങ്ങിയത്. 1975 മുതൽ വീടുകളിലും പത്രം സജീവമായി.
കർഷക തൊഴിലാളിയായ കണ്ണൻ 2006 ലാണ് ദേശാഭിമാനിയുടെ വിതരണക്കാരനാവുന്നത്. 40 പത്രമായിരുന്നു തുടക്കം. നിലവിൽ 147 പത്രമുണ്ട്. പുലർച്ചെ നാലരക്ക് വീട്ടിൽനിന്ന് ഇറങ്ങി അട്ടക്കുണ്ട് കടവ് പാലത്തിനടുത്തുനിന്ന് പത്രമെടുത്ത് മങ്കരയിലേക്ക് മടങ്ങും. രണ്ട് മക്കളും മകളുടെ മകനും മറ്റൊരു സുഹൃത്തുമാണ് വിതരണത്തിന് കണ്ണനെ സഹായിക്കുന്നത്. ദേശാഭിമാനി വരിക്കാർക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തൊഴിലാളിവർഗ സമരത്തിന് ഊർജം പകരുന്ന ദേശാഭിമാനിക്കൊപ്പം മരണംവരെ കൂടെയുണ്ടാകുമെന്നാണ് കണ്ണന്റെ പക്ഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..