തിരുവമ്പാടി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന മത്തായി ചാക്കോയ്ക്ക് 18-ാം ചരമവാർഷിക ദിനത്തിൽ നാട് ഓർമപ്പൂക്കൾ അർപ്പിച്ചു. ഞായറാഴ്ച തിരുവമ്പാടി ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാത ഭേരിയും പതാക ഉയർത്തലും നടന്നു. ജന്മനാടായ തിരുവമ്പാടിയിലെ മത്തായി ചാക്കോ സ്മൃതിമണ്ഡപത്തിൽ രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ പതാക ഉയർത്തി. തുടർന്ന് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ചാക്കോയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു
ടി വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം മുസാഫർ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വസീഫ്, കെ ബാബു എന്നിവർ സംസാരിച്ചു. ചാക്കോയുടെ സഹോദരൻ തോമസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി. ചെക്ക് ടി വിശ്വനാഥൻ ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗം ജോളി ജോസഫ് സ്വാഗതവും ലോക്കൽ സെക്രട്ടറി സി ഗണേഷ് ബാബു നന്ദിയും പറഞ്ഞു.
വൈകിട്ട് തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അനുസ്മരണ പൊതു സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി പി എ ഫിറോസ് ഖാൻ അധ്യക്ഷനായി. ജോളി ജോസഫ്, ദിപു പ്രേംനാഥ്, സി എൻ പുരുഷോത്തമൻ, ഗീത വിനോദ് എന്നിവർ സംസാരിച്ചു. വിവിധ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെ പരിപാടിയിൽ ജില്ലാ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു. തിരുവമ്പാടി വെസ്റ്റ് ലോക്കൽ സെക്രട്ടറി സി ഗണേഷ് ബാബു സ്വാഗതം പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..