കോഴിക്കോട്
സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറിക്ക് സമാന്തരമായുള്ള എഴുത്ത് ലോട്ടറി തട്ടിപ്പുസംഘങ്ങളുടെ ‘ഇടനിലക്കാര്‍’ ജില്ലയില്‍ പെരുകുന്നു. പൊലീസ് നടപടി ശക്തമായതോടെ ഇടപാടുകള്‍ക്ക് നൂതനമാര്‍ഗം ആവിഷ്കരിച്ചാണ് ഇടനിലക്കാര്‍ വിലസുന്നത്. ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കടകളുടെ പരിസരത്ത് ചുറ്റിപ്പറ്റി നിന്നിരുന്ന എഴുത്ത് ലോട്ടറി സംഘങ്ങൾ ഓൺലൈനിലേക്ക് ‘മാഫിയ’ രൂപത്തില്‍ മാറി. എഴുത്ത് ലോട്ടറിയുടെ ആദ്യകാല ഉപഭോക്താക്കളാണ് ഇപ്പോഴത്തെ ഇടനിലക്കാർ. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾ കുറവാണെന്നും എഴുത്ത് ലോട്ടറിയില്‍ പണം ലഭിക്കുമെന്ന് ഉറപ്പാണെന്നും പറഞ്ഞാണ് തട്ടിപ്പ്. നഗരത്തിലെ ലോട്ടറി വില്‍പ്പനശാലകളും ഏജന്റുമാരും എഴുത്ത് ലോട്ടറിക്ക് എതിരാണ്. തട്ടിപ്പുസംഘത്തിന്റെ ശല്യം കാരണം മിക്ക കടകളിലും ‘സംസ്ഥാന ഭാഗ്യക്കുറിക്ക് കടലാസ് ടിക്കറ്റുകള്‍ മാത്രമേയുള്ളൂവെന്നും ഓണ്‍ലൈന്‍ വില്‍പ്പന ഇല്ലെന്നും’ നോട്ടീസ് പതിച്ചിരിക്കുകയാണ്.
പരസ്യമായ
‘എഴുത്ത്’ ഇല്ല
പൊലീസ് ഇടപെടൽ ശക്തമായതോടെ പരസ്യമായ ‘എഴുത്ത്’ ഇല്ല. പകരം ഇടനിലക്കാർ സദാസമയവും ഓൺലൈനിലുണ്ട്. ‘ഭാഗ്യനമ്പറുകൾ’ ഇവർക്ക് ഫോണിൽ വിളിച്ചുപറഞ്ഞുകൊടുക്കാം.
അല്ലെങ്കിൽ വാട്സ് ആപ്, ടെലഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴി അയച്ചുകൊടുത്താലും മതി. എഴുത്തുചാർജും സമ്മാനത്തുകയും ഗൂഗിൾപേ വഴി കൈമാറും. ഇതിനായി മാത്രമായി വാട്സ് ആപ് ഗ്രൂപ്പുകൾ നിരവധിയുണ്ട്. ഗ്രൂപ്പ് അഡ്മിന് 100 രൂപക്ക് പത്തുരൂപയാണ് കമീഷൻ. ദിവസേന പകൽ ഒന്ന്, മൂന്ന്, വൈകിട്ട് ആറ്, രാത്രി എട്ട് എന്നിങ്ങനെ നാല് ‘എഴുത്ത്’ നറുക്കെടുപ്പാണുള്ളത്. തമിഴ്നാട്, സിക്കിം, നാഗാലാൻഡ് ലോട്ടറികൾക്കും സമാന്തര എഴുത്തുണ്ട്. ഇതരസംസ്ഥാന ലോബികളാണ് ‘സമ്മാനാർഹർക്ക്’ പണം നൽകുന്നത്. ദിവസേന വലിയ തുക കമീഷന്‍ ലഭിക്കുന്നതാണ് കൂടുതൽപ്പേരെ ഇടനിലക്കാരായി എത്തിക്കുന്നത്.
‘എഴുതി പണം നേടുന്ന വഴി’
എഴുത്ത് ലോട്ടറിയുടെ ‘സമ്മാനം’ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിനെ ആശ്രയിച്ചാണ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറി ടിക്കറ്റിലെ അവസാന മൂന്ന് അക്കങ്ങളാണ് എഴുത്ത് ലോട്ടറിയിലെ ഭാഗ്യനമ്പർ. സമ്മാനം നേടാൻ സാധ്യതയുള്ള അവസാനത്തെ മൂന്ന് നമ്പറുകൾ മുൻകൂട്ടി എഴുതി നൽകണം. അവസാനത്തെ മൂന്നക്കവും രണ്ടക്കവും അവസാന ഒരക്കവും വേർതിരിച്ചും എഴുതാം. മൂന്ന് നമ്പറുകൾ ഒറ്റബ്ലോക്ക് ആക്കിയും എഴുതാം. മൂന്നക്കങ്ങളുള്ള ഒരെഴുത്തിന് പത്ത് രൂപയാണ് ചാർജ്. 50 രൂപക്ക് എഴുതിയാൽ ‘സമ്മാനാർഹർക്ക്’ 25,000 രൂപ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..