സ്വന്തം ലേഖിക
താമരശേരി
‘ചുവപ്പ്‌നാട കുരുക്ക്’ പരിഹാരത്തിന് നേട്ടോട്ടത്തിലായ അനേകർക്ക് ആശ്വാസത്തിന്റെ പുഞ്ചിരിപകർന്ന താലൂക്ക്‌തല അദാലത്തുകൾക്ക് സമാപനം. റേഷൻ കാർഡും വീടും വഴിയും തൊഴിലുംതേടി ഓഫീസുകൾ കയറിയിറങ്ങുന്നവരുടെ മുഖത്ത് ഒറ്റദിവസംകൊണ്ട് പ്രതീക്ഷയുടെ പുതുവെളിച്ചം നിറച്ചാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾ പൂർത്തിയാക്കിയത്. താമരശേരി മേരി മാതാ കത്തീഡ്രൽ ഹാളിൽ നടന്ന താമരശേരി താലൂക്ക് അദാലത്തോടെയാണ് സമാപിച്ചത്.
നാല് അദാലത്തുകളിലായി 2002 പരാതിയാണ് ലഭിച്ചത്. 867 എണ്ണം പരിഹരിച്ചു. ബാക്കിയുള്ളവ തുടർ നടപടിക്കായി ഉദ്യോഗസ്ഥർക്ക് കൈമാറി. കോഴിക്കോട് താലൂക്ക്- 450, വടകര- 520, കൊയിലാണ്ടി- 740, താമരശേരി 292 എന്നിങ്ങനെയാണ് പരാതികൾ. ഓൺലൈനിൽ 1033ഉം അദാലത്ത് വേദിയിൽ 969 ഉം പരാതി സ്വീകരിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാനും പരിഹരിക്കാനുമായി നടന്ന അദാലത്തുകള്‍ മികച്ച വിജയമായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തത്സമയം പരിഹരിക്കുകയും വകുപ്പുകളുടെ ഏകോപനം വേഗത്തിലാക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി. പുതുതായി ലഭിച്ച അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കി പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
താമരശേരിയിലെ ഓൺലൈൻവഴി 140, നേരിട്ട് 152 പരാതികളുണ്ടായി. 96 എണ്ണം തീർപ്പാക്കി. ബാക്കിയുള്ള തുടർ നടപടിയ്‌ക്കായി കൈമാറി. അദാലത്തിൽ എംഎൽഎമാരായ കെ എം സച്ചിൻദേവ്, ലിന്റോ ജോസഫ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..