22 November Friday
ഒ മോഹൻദാസിന്‌ രാഷ്‌ട്രപതിയുടെ മെഡൽ

കോഴിക്കോടിന്റെ ‘ഷെർലക്‌ ഹോംസ്‌’

സ്വന്തം ലേഖികUpdated: Thursday Aug 15, 2024
 
 
കോഴിക്കോട്‌
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ തട്ടിപ്പ്‌ മുതൽ  മാലമോഷണം വരെ, കുറ്റകൃത്യം ഏതായാലും അന്വേഷകസംഘത്തിലുണ്ടാവുന്ന പേരാണ്‌ ഒ മോഹൻദാസ്‌. ജില്ലയിൽ മാത്രമല്ല, ഇന്ത്യയിലങ്ങോളമിങ്ങോളം അന്വേഷണത്തിനും പ്രതികളെ  പിടിക്കാനും മോഹൻദാസുണ്ടാവും. ആ മികവിനുള്ള അംഗീകാരമാണ്‌  രാഷ്‌ട്രപതിയുടെ മെഡൽ. 
    കോഴിക്കോട്‌ സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ്‌ എഗെയ്ൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസിലെ സബ്‌ ഇൻസ്‌പെക്ടർ  ഒ മോഹൻദാസിനാണ്‌ സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ്‌ മെഡൽ ലഭിച്ചത്‌.  21 വർഷമായി ക്രൈം ഡിറ്റക്‌ഷൻ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻദാസ്‌ പ്രമാദമായ പല  കേസുകളുടെ അന്വേഷണത്തിലും നിർണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 
 ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) കേസിലെ പ്രതികളെ ഡൽഹി, ഗോവ, ഗുജറാത്ത്, ഹൈദരബാദ് എന്നിവിടങ്ങളിൽനിന്ന്‌ പിടികൂടാനും  മുഖ്യ പങ്ക് വഹിച്ചു. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്, മലപ്പുറം മദ്യദുരന്തം, കരിപ്പൂർ സ്വർണക്കടത്ത്,  മാറാട് കൂട്ടക്കൊല ഗൂഢാലോചന, ഹാദിയ കേസ് , നരിക്കാട്ടേരി സ്ഫോടനം, അസ്ലം കൊലപാതകം, -തുടങ്ങി നിരവധി കേസുകൾ അന്വേഷിച്ചു.  ബംഗ്ലാദേശ് കോളനിയെ ലഹരിയിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും മുക്തമാക്കുന്നതിനായും  പ്രവർത്തിച്ചിരുന്നു.  നൂറിലധികം തവണ കേരളത്തിന് പുറത്തുപോയി   കുറ്റവാളികളെ പിടിച്ച് കൊണ്ടുവന്നിട്ടുണ്ട്.    സുപ്രധാന കേസുകളിൽ  മറ്റു ജില്ലകളിലേക്കും  സേവനം വിനിയോഗിക്കാറുണ്ട്‌.  മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, ബാഡ്ജ് ഓഫ് ഓണർ, മികച്ച കുറ്റാന്വേഷണത്തിന്  ഡിജിപിയുടെ നാല്‌ കമൻഡേഷൻ സർട്ടിഫിക്കറ്റുകൾ ,  കോയമ്പത്തൂർ ഡിഐജി യുടെ പ്രത്യേക അവാർഡ്‌ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.     ഭാര്യ: സ്മിത. മക്കൾ: നിയത മോഹൻ, നിവേദ്യ മോഹൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top