കുന്നമംഗലം
സംസ്ഥാന സര്‍ക്കാര്‍ സമഗ്രശിക്ഷ കേരള വഴി നടപ്പാക്കുന്ന മൂന്ന് നൈപുണി വികസന കേന്ദ്രങ്ങള്‍ കുന്നമംഗലം മണ്ഡലത്തില്‍ അനുവദിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. പെരിങ്ങൊളം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, ആര്‍ഇസി ജിവിഎച്ച്എസ്എസ്, ഇരിങ്ങല്ലൂര്‍ ജിഎച്ച്എസ്എസ് എന്നീ കേന്ദ്രങ്ങളിലാണ് സ്കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് അനുമതിയായത്. ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍, ഹയര്‍ സെക്കൻഡറി പൂര്‍ത്തിയാക്കിയശേഷം പഠനം നിര്‍ത്തിയ വിദ്യാര്‍ഥികള്‍, സ്കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍, മറ്റു പിന്നാക്ക മേഖലകളിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴില്‍ സാധ്യതക്കും അനുഗുണമായ വൈദഗ്ധ്യം നല്‍കുകയാണ് ലക്ഷ്യം. ഓരോ കേന്ദ്രത്തിലെയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 21.5 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ആര്‍ഇസി ജിവിഎച്ച്എസ്എസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മെഷീന്‍ ലേണിങ്, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, പെരിങ്ങൊളം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജിഎസ്ടി അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഇരിങ്ങല്ലൂര്‍ എച്ച്‌എസ്‌എസിൽ എക്സിം എക്സിക്യൂട്ടീവ് (ലോജിസ്റ്റിക്), ജിഎസ്ടി അസിസ്റ്റന്റ് കോഴ്സുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തെ കോഴ്സുകളില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സംവരണം പാലിച്ചും മെറിറ്റ് അടിസ്ഥാനത്തിലുമാണ് പ്രവേശനം. സ്കൂളൂകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലാണ് കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..