കോഴിക്കോട്
തണൽ സ്ഥാപനങ്ങളുടെ "ഇൻഫിനിറ്റോ' ഇന്റർ സ്‌കൂൾ ഡിസബിലിറ്റി അത്‌ലറ്റിക് കായികമേള 19, 20 തീയതികളിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള. തണൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായിട്ടാണ് മേള സംഘടിപ്പിക്കുന്നത്.
12 ഏർളി ഇന്റർവൻഷൻ സെന്ററുകൾ, ശിശുവികസന കേന്ദ്രങ്ങൾ, ആറ് സ്‌പെഷ്യൽ സ്‌കൂളുകൾ, 10 വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററുകൾ ഉൾപ്പെടെ 30 ഓളം സ്ഥാപനങ്ങളിൽനിന്നായി മൂന്നിനും 35നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾ പങ്കെടുക്കും. നടത്തം, ഓട്ടം, വീൽചെയർ റേസ്, സോഫ്റ്റ് ബോൾത്രോ, ഷോട്ട്പുട്ട്, ഹൈജമ്പ്, ലോങ് ജമ്പ്, റിലേ, ജാവലിൻത്രോ, ഡിസ്‌കസ് ത്രോ തുടങ്ങി 12 ഇനങ്ങളിലാണ് മത്സരം. മേളയുടെ ഭാഗമായി നിരവധി കേന്ദ്രങ്ങളിൽ ദീപശിഖാ പ്രയാണം നടക്കും. ദീപശിഖാ പ്രയാണം ചൊവ്വാഴ്ച പകൽ മൂന്നിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ സൈലസ് സെബാസ്റ്റ്യൻ, ഫരീദ സലാം, ഷൗക്കത്ത് അലി, ആദം സാദ, സുബൈർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..