18 November Monday
ഊരാളുങ്കൽ ലേബർ സൊസൈറ്റി ശതാബ്‌ദി

രാജ്യാന്തര സഹകരണസമ്മേളനം ഇന്നുമുതൽ കോഴിക്കോട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
 
കോഴിക്കോട്‌
 സഹകരണപ്രസ്ഥാനത്തിന്റെ ആഗോളസാധ്യത ആരായാനുള്ള രാജ്യാന്തര  സമ്മേളനത്തിന്‌ കോഴിക്കോട്‌ വേദിയാവുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ശതാബ്‌ദി  ആഘോഷങ്ങളുടെ ഭാഗമായാണ്‌  ഇന്റർനാഷണൽ  കോ ഓപ്പറേറ്റീവ്‌ അലയൻസിന്റെ 18ാമത്‌ ഏഷ്യ  പസഫിക്‌ റിസർച്ച്‌ കോൺഫറൻസിന്‌ 15 മുതൽ 18 വരെ കോഴിക്കോട്‌ ആതിഥ്യമരുളുന്നത്‌. ചൊവ്വാഴ്‌ച യുഎൽ സൈബർ പാർക്കിലും 16 മുതൽ 18 വരെ ഐഐഎമ്മിലുമാണ്‌ സമ്മേളനം. അടുത്ത വ്യവസായയുഗത്തിൽ  സഹകരണമേഖലയുടെ സാധ്യതകളും പങ്കും ചർച്ചചെയ്യുന്ന രാജ്യാന്തര സെമിനാറോടെയാണ്  തുടക്കം.  ചൊവ്വ  വൈകിട്ട്‌ 5.30ന്‌ യുഎൽ സൈബർ പാർക്കിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാവും. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയാവും.  
 ദക്ഷിണേന്ത്യയിൽ ആദ്യമായാണ്‌ സഹകരണ രാജ്യാന്തര സമ്മേളനത്തിന്‌  വേദിയാകുന്നത്‌.  സൊസൈറ്റിയുടെ ശതാബ്ദി പ്രമാണിച്ച് രാജ്യത്തിന്‌ പ്രത്യേകമായി സമ്മേളനം അനുവദിക്കുകയായിരുന്നുവെന്ന്‌  യുഎൽസിസി എംഡി എസ് ഷാജു പറഞ്ഞു.  ഐഐ‌എമ്മിൽ  16മുതൽ മൂന്ന്‌ ദിവസങ്ങളിലായി സഹകരണ റിസർച്ച്‌ പ്രബന്ധങ്ങളുടെ അവതരണം, സഹകരണരംഗത്തെ നവസംരംഭകർക്കും നൂതനാശയക്കാർക്കും ഗവേഷകർക്കും മറ്റുമുള്ള ശിൽപ്പശാല, വട്ടമേശ സമ്മേളനം, നൂതനാശയങ്ങളുടെ മത്സരമായ കോ- ഓപ്പറേറ്റീവ് പിച്ച് 2024  എന്നിവ  നടക്കും.  ഇരുപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ലോകത്തെ പ്രമുഖ സഹകരണപ്രസ്ഥാനമായ സ്പെയിനിലെ മോന്ദ്രാഗൺ കോ-ഓപ്പറേറ്റീവിൽനിന്ന് അന്താരാഷ്ട്ര വിഭാഗം തലവൻ മീക്കെൽ ലെസാമിസ്, ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രിക്കൾചർ കോർപറേഷനിൽനിന്ന്‌ എക്സിക്യൂട്ടീവ് ഡയറക്ടർ ഹിറോഫുമി കൊബയാശി, നെതർലൻഡ്സിലെ അഗ്രിടെറ അഗ്രീഗ്രേഡ് ഡയറക്ടർ സീസ് വാൻ റീജ് എന്നിവരും ഐസി‌എ ഏഷ്യ -പസഫിക് ഭാരവാഹികളും മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളും അക്കാദമിക വിദഗ്ധരും നയതന്ത്രജ്ഞരുമെത്തും. 
കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വളർച്ചക്ക്‌ അനുയോജ്യമായ അന്താരാഷ്ട്ര മാതൃകകൾ  പരിചയപ്പെടാനും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള സഹകരണ സാധ്യതകൾ ആരായാനുമുള്ള അവസരമായി സമ്മേളനം മാറും. സഹകരണ മേഖലക്ക്‌ നിർണായക പങ്കുള്ള ഒരു ലോകക്രമം സമ്മേളനം മുന്നോട്ടുവയ്‌ക്കും. 
വാർത്താസമ്മേളനത്തിൽ സൊസൈറ്റി ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ ടി കെ  കിഷോർ കുമാർ,  ഐസിഎ ഏഷ്യ – പസഫിക് സംരംഭവികസന–- കാർഷികവിഭാഗം സെക്രട്ടറി ഗണേഷ് ഗോപാൽ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top