കൊയിലാണ്ടി
ദേശീയപാത വികസനത്തോടനുബന്ധിച്ച് നിര്‍മിക്കുന്ന സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ മൂടുന്നത് കനം കുറഞ്ഞ കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ചാണെന്ന ആക്ഷേപം ശക്തം. കഴിഞ്ഞദിവസം കൊല്ലം അടിപ്പാതയ്ക്ക് സമീപത്തെ ഓവുചാലിന് മുകളിലിട്ട സ്ലാബ് സ്‌കൂട്ടര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാണ് അവസാന സംഭവം. ഓവുചാല്‍ ഉള്‍പ്പെടെ സര്‍വീസ് റോഡുകള്‍ക്ക് ഏഴ് മീറ്ററാണ് വീതി കണക്കാക്കുന്നത്. എന്നാല്‍ മിക്കയിടത്തും സര്‍വീസ് റോഡിന്റെ വീതി മൂന്ന് മീറ്റര്‍ മുതലേയുള്ളൂ. അതിനാൽ വാഹനങ്ങള്‍ ഓവുചാലിന് മുകളിലിട്ട സ്ലാബിന് മുകളിലൂടെയാണ് ഓടിച്ചുപോകുന്നത്. ഇത് വലിയ അപകടത്തിന് ഇടയാക്കുന്നു.
പത്ത് സെന്റിമീറ്റര്‍ കനം മാത്രമാണ് മിക്കയിടത്തും സ്ലാബുകള്‍ക്ക് ഉള്ളതെന്നാണ് ആക്ഷേപം. സ്ലാബിനുള്ളില്‍ ഇട്ടത് പത്ത് എം എം കമ്പിയുടെ ഒരു ലെയറും. 25 മുതല്‍ 30 വരെ സെന്റിമീറ്റര്‍ അകലത്തിലാണ് കമ്പികള്‍ ഇടുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നിടത്ത് രണ്ട് ലെയര്‍ കമ്പി നിര്‍ബന്ധമായും സ്ലാബിനുളളില്‍ ഇടേണ്ടതാണ്. രണ്ട് ലെയര്‍ കമ്പി 10 മുതല്‍ 15 സെന്റിമീറ്റര്‍ അകലംവിട്ടാണ് കെട്ടേണ്ടത്. സ്ലാബിന് ചുരുങ്ങിയത് 20 സെന്റിമീറ്റര്‍ കനവും വേണം. ഭാരം കയറ്റിയ ലോറികളും യാത്രക്കാരെ കുത്തിനിറച്ച് ബസുകളും പോകുമ്പോള്‍ സ്ലാബ് തകരാന്‍ സാധ്യതയേറെയാണ്. ഇപ്പോൾ തന്നെ പലഭാഗത്തും സ്ലാബ് തകര്‍ന്നുകിടക്കുന്നത് കാണാം. കമ്പിയുടെയും സിമന്റിന്റെയും കുറവാണ് സ്ലാബ് തകരാന്‍ ഇടയാക്കുന്നത്. ഈ വിഷയം എന്‍എച്ച്എഐ എൻജിനിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡുകള്‍ക്ക് ആവശ്യത്തിന് വീതിയില്ലെന്നത് കാനത്തില്‍ ജമീല എംഎല്‍എ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി സര്‍വീസ് റോഡിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. അഴിയൂര്‍–-വെങ്ങളം സ്ട്രെച്ചില്‍ സര്‍വീസ് റോഡ് വീതി കുറച്ചാണോ നിര്‍മിച്ചതെന്നത് പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എയ്ക്ക് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.
ഏഴ് മീറ്റര്‍ വീതിയിലാണ് സര്‍വീസ് റോഡ് നിര്‍മിക്കേണ്ടത്. മതിയായ ഭൂമി ലഭ്യമല്ലാത്തിടത്ത് ഡ്രെയ്‌നേജ് ഉള്‍പ്പടെ 5.5 മുതല്‍ ഏഴുമീറ്റര്‍ വരെ വീതിയില്‍ സര്‍വീസ് റോഡ് നിര്‍മിച്ചിട്ടുള്ളതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണെന്നും മന്ത്രി വിശദീകരിച്ചു. കൊയിലാണ്ടി വെങ്ങളം മുതല്‍ ചെങ്ങോട്ടുകാവ് വരെയും നന്തി മുതല്‍ മൂരാട് പാലം വരെയും സര്‍വീസ് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കുന്നത്. വെങ്ങളം മുതല്‍ മൂരാട് വരെ സര്‍വീസ് റോഡ് നിര്‍മാണം ഇനിയും പൂര്‍ണമായിട്ടില്ല. ആകെ 45 മീറ്ററാണ് ദേശീയപാതക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാത അധികൃതര്‍ക്ക് കൈമാറിയത്. ഇതില്‍ 14 മീറ്റര്‍ വീതിയിലാണ് ഇരുഭാഗത്തും സര്‍വീസ് റോഡ് നിര്‍മിക്കേണ്ടത്. സര്‍വീസ് റോഡിന് ആവശ്യമായ വീതിയില്ലെങ്കില്‍ വരുംനാളുകളില്‍ വലിയതോതിലുളള ഗതാഗത തടസ്സമായിരിക്കും ഉണ്ടാവുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..