22 December Sunday
നഗരസഭാ കെട്ടിടം പൊളിക്കൽ

നഗരസഭാ നടപടികൾക്ക്‌ 
വ്യാപാരികളുടെ പൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കൊടുവള്ളി മുനിസിപ്പാലിറ്റി കെട്ടിടം (ഫയൽ ചിത്രം )

കൊടുവള്ളി

നഗരസഭാ കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട്‌ പുലിവാല്‌ പിടിച്ച്‌ കൊടുവള്ളി നഗരസഭ. പഴയ കെട്ടിടം പൊളിച്ച്‌ പുതിയത്‌ നിർമിക്കാനുള്ള പദ്ധതിയാണ്‌ കോടതി സ്‌റ്റേ ചെയ്‌തതോടെ തടസ്സപ്പെട്ടത്‌. മൂന്ന്‌ നിലയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റ രണ്ട്‌ നിലകളിൽ മുൻസിപ്പാലിറ്റി ഓഫീസും താഴെനിലയിൽ വ്യാപാരസ്ഥാപനങ്ങളുമായിരുന്നു പ്രവർത്തിച്ചിരുന്നത്‌. പുതിയ കെട്ടിടത്തിൽ സ്ഥാപനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട്‌ വ്യാപാരികളാണ്‌ കോടതിയെ സമീപിച്ചത്‌.  ഇതേ തുടർന്നാണ്‌ പൊളിക്കൽ നടപടി നീളുന്നത്‌.
45 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബുകളും തൂണുകളും പല ഭാഗങ്ങളിലായി അടർന്നുവീഴുകയാണ്. ബസ്‌സ്റ്റാൻഡ് പരിസരത്തേക്ക് ഒട്ടേറെ തവണ കെട്ടിട ഭാഗങ്ങൾ അടർന്നുവീണിരുന്നു. 4.5 കോടി രൂപ നഗരസഭ വകയിരുത്തി അംഗീകാരം നേടുകയും നിർമാണത്തിനായി കൊച്ചിയിലെ സ്വകാര്യ കമ്പനി‌ക്ക്‌ കരാർ നൽകിയിരുന്നതുമാണ്‌. പുതിയ കെട്ടിടത്തിൽ മുറികൾ നൽകുന്നത്‌ പരിഗണിക്കാമെന്ന്‌ ചെയർമാൻ പറഞ്ഞിരുന്നു. എന്നാൽ നിർമിക്കുന്ന കെട്ടിടത്തിന്റ പ്ലാൻ പരിശോധിച്ചപ്പോൾ  കച്ചവട ആവശ്യത്തിനുള്ള മുറികൾ ഇല്ലെന്ന് മനസ്സിലായത്തോടെയാണ്‌ വ്യാപാരികൾ നീതിതേടി കോടതിയെ സമീപിച്ചത്‌. ദിവസവും നൂറുകണക്കിന്‌ യാത്രക്കാർ എത്തുന്ന കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് അപകട ബോർഡ് പ്രദർശിപ്പിച്ചതല്ലാതെ ബദൽ മാർഗം ഒരുക്കാത്തതിൽ  നാട്ടുകാരും പ്രതിഷേധത്തിലാണ്‌. വർഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികളെ കബളിപ്പിച്ച്‌ കുടിയിറക്കാനുള്ള നീക്കം തിരിച്ചറിഞ്ഞതോടെയാണ്‌ വ്യാപാരികൾ നിയമപോരാട്ടത്തിന് ഇറങ്ങിയത്‌. വ്യാപാരികളുടെ പുനരധിവാസത്തിന് പരിഹാരം കാണണമെന്നാണ്‌ ഇവരുടെ ആവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top