15 December Sunday

ബേപ്പൂർ തുറമുഖത്തിന്റെ പേരിലുള്ള സമരം 
രാഷ്ട്രീയപ്രേരിതം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024
ഫറോക്ക്
ബേപ്പൂർ തുറമുഖ വികസനത്തിന്റെ പേരിലുള്ള സമരം അനവസരത്തിലും രാഷ്ട്രീയ പ്രേരിതവുമാണെന്ന്‌ സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരാഴ്ചമുമ്പാണ് മന്ത്രി പി എ മുഹമ്മദ് റിയാസും തുറമുഖ മന്ത്രി വി എൻ വാസവനും മാരിടൈം ബോർഡ് ചെയർമാൻ ഉൾപ്പെട്ട സംഘവും തുറമുഖം സന്ദർശിച്ച് വികസന പദ്ധതികൾ വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചത്. 
ഡ്രഡ്ജിങ്ങിനായുള്ള പദ്ധതി തയ്യാറാക്കുന്നതിനുമുമ്പ്‌ പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കണമെന്നത്‌ എല്ലാവർക്കും ബോധ്യമുള്ളതാണ്‌. എന്നിട്ടും തെറ്റായ പ്രചാരണം നടത്തുന്നത് ചിലരുടെ രാഷ്ട്രീയ താൽപ്പര്യ പ്രകാരമാണ്‌. തുറമുഖത്തെ അടിയന്തര പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. ഡ്രഡ്ജിങ്ങിന് മുന്നോടിയായുള്ള പഠനത്തിന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസി(എൻഒസി)നെ  ഏൽപ്പിച്ചു. 
സിൽക്ക് ഭൂമി തിരിച്ചെടുക്കുമെന്ന്‌ രണ്ടു മന്ത്രിമാരും ഉറപ്പ് നൽകിയിട്ടുണ്ട്‌. തുറമുഖങ്ങളുടെ സമഗ്ര വികസനവും സമുദ്രമാർഗമുള്ള ചരക്ക്‌ ഗതാഗതവും പ്രഖ്യാപിത ലക്ഷ്യമാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വിദേശ യാത്രാ–-ചരക്ക്‌ കപ്പലുകൾ, ക്രൂസുകൾ എന്നിവ ഉൾപ്പെടെയുള്ള സർവീസിന്‌ സർക്കാർ ശ്രമം തുടരുകയുമാണ്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി മുഹമ്മദ് റിയാസും ഇക്കാര്യങ്ങളിൽ കൃത്യമായി ഇടപെടുന്നുണ്ട്. ഇതിന് മങ്ങലേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ്‌ സമരമെന്നും ഏരിയാ സെക്രട്ടറി ടി രാധാഗോപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top