15 December Sunday
ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായി

സിപിഐ എം ജില്ലാ സമ്മേളനത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Dec 15, 2024
കോഴിക്കോട്‌
സിപിഐ എം 24ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലാ സമ്മേളനത്തിലേക്ക്‌. ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ വടകരയിൽ നടക്കും. അനുബന്ധ പരിപാടികൾക്ക്‌ ഞായറാഴ്‌ച തുടക്കമാകും. 25 സെമിനാറുകൾ, ചരിത്ര പ്രദർശനം, പുസ്‌തക പ്രദർശനം, തൊഴിലാളി സംഗമം സാഹിത്യ സംവാദ സദസ്സുകൾ  തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ്‌ ജില്ലാ സമ്മേളനത്തെ വടകര വരവേൽക്കുക.
ചിട്ടയോടെ പ്രവർത്തനങ്ങൾ ഏറ്റെടുത്താണ്‌ 16 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയത്‌. നിരവധി അനുബന്ധ പരിപാടികൾക്ക്‌ നാട്‌ വേദിയായി. പ്രതിനിധി സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ പൊതുസമ്മേളനവും പ്രകടനവും ചുവപ്പ്‌ സേനാംഗങ്ങളുടെ പരേഡും പുരോഗമന പ്രസ്ഥാനത്തിന്റെ സംഘശക്തി വിളിച്ചോതി. ജില്ലാ സമ്മേളനത്തിന്‌ വേദിയാകുന്ന വടകരയിൽ ഒക്ടോബർ 26നായിരുന്നു ആദ്യ ഏരിയാ സമ്മേളനം. കഴിഞ്ഞ ദിവസം തിരുവമ്പാടി സമ്മേളനത്തോടെ അവസാനിച്ചു. അഞ്ച്‌ ഏരിയാ കമ്മിറ്റിക്ക്‌ പുതിയ നേതൃത്വം വന്നു. സെപ്‌തംബറിൽ ബ്രാഞ്ച്‌ സമ്മേളനത്തോടെയണ്‌ പാർടി സമ്മേളനങ്ങൾ തുടങ്ങിയത്‌.
പ്രതിനിധി സമ്മേളനവും 
പൊതുസമ്മേളനവും 
പിണറായി വിജയൻ
ഉദ്ഘാടനംചെയ്യും
വടകര
സിപിഐ എം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും പൊളിറ്റ്‌ ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ജനുവരി 29ന് രാവിലെ ഒമ്പതിന്‌ വടകര ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ്‌ പ്രതിനിധി സമ്മേളനം. 31ന്‌ നാരായണനഗറിലെ സീതാറാം യെച്ചൂരി നഗറിലാണ് സമാപന പൊതുസമ്മേളനം.  സമാപനംകുറിച്ച്‌  നാരായണ നഗറിൽ 15,000 റെഡ് വളന്റിയർമാരുടെ മാർച്ചും അരലക്ഷം പേർ അണിനിരക്കുന്ന ബഹുജനറാലിയും നടക്കും.
ഏരിയാ സമ്മേളനങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത 500 പേർ മൂന്നുദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. പിണറായിക്കുപുറമെ പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണ‌ൻ, പി എ മുഹമ്മദ് റിയാസ്, ആനാവൂർ നാഗപ്പൻ, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും  പങ്കെടുക്കും.
പതാകദിനം 
ജനുവരി 21ന്‌
വടകര
ജില്ലാ സമ്മേളനത്തിന്റെ പതാക–- കൊടിമര ജാഥകൾ ജനുവരി 21ന് പകൽ മൂന്നിന്‌ പ്രയാണം ആരംഭിക്കും. കൊടിമര ജാഥ വാണിമേലിലെ രക്തസാക്ഷി കെ പി കുഞ്ഞിരാമൻ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശന്റെ നേതൃത്വത്തിലാണ്‌ പ്രയാണം ആരംഭിക്കുക. പതാകജാഥ കൊയിലാണ്ടിയിലെ സത്യനാഥൻ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബിന്റെ നേതൃത്വത്തിൽ പ്രയാണം തുടങ്ങും. ജാഥകൾ വൈകിട്ടോടെ പൊതുസമ്മേളന നഗരിയായ നാരായണ നഗറിൽ സംഗമിച്ച്‌ പതാക ഉയർത്തും.
ദീപശിഖാ പ്രയാണം ജനുവരി 28ന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽനിന്ന്‌ പകൽ മൂന്നിന് ആരംഭിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദിന്റെ നേതൃത്വത്തിലാണ്‌ ദീപശിഖാ പ്രയാണം. 28ന്‌ വൈകിട്ട്‌ പ്രതിനിധി സമ്മേളന നഗരിയിൽ ദീപശിഖ ജ്വലിപ്പിക്കും. 
അനുബന്ധ പരിപാടികൾക്ക്‌ ഇന്ന്‌ തുടക്കം
25 സെമിനാർ, ചരിത്ര പ്രദർശനം, 
സാഹിത്യ സംവാദം
സ്വന്തം ലേഖകൻ
വടകര
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് ഞായറാഴ്‌ച വടകരയിൽ തുടക്കമാകും. മൂന്ന് ദേശീയ സെമിനാറുകൾ ഉൾപ്പെടെ 25 സെമിനാറുകൾ അരങ്ങേറും. ചരിത്ര പ്രദർശനം, പുസ്‌തക പ്രദർശനം, അഖില കേരള ചിത്രരചനാ മത്സരം, തൊഴിലാളി സംഗമം, സാഹിത്യ സംവാദ സദസ്സുകൾ, കലാപരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്ക്‌ വടകര വേദിയാവും. വിവിധ ലോക്കൽ കമ്മിറ്റികളുടെ  നേതൃത്വത്തിൽ റോഡ് നിർമാണം, ശുചീകരണ പ്രവർത്തനങ്ങൾ, നാട്ടരങ്ങുകൾ എന്നിവയും സംഘടിപ്പിക്കും. 
ഞായറാഴ്‌ച നടക്കുതാഴ നോർത്ത്, മന്തരത്തൂർ ലോക്കൽ കമ്മിറ്റികളുടെ സെമിനാറുകളോടെയാണ്‌ തുടക്കം. 22 ലോക്കൽ കമ്മിറ്റികളിലെ സെമിനാറുകളിൽ   കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ, കെ ടി ജലീൽ എംഎൽഎ, എം വി നികേഷ് കുമാർ  തുടങ്ങിയവർ സംസാരിക്കും. ജനുവരി ആദ്യവാരമാണ്‌ മൂന്ന്‌ ദേശീയ സെമിനാറുകൾ. കേന്ദ്ര -സംസ്ഥാന ബന്ധങ്ങൾ, സത്യാനന്തര കാലത്തെ മാധ്യമങ്ങൾ, ലിംഗനീതിയുടെ രാഷ്ട്രീയം എന്നിവയാണ്‌ വിഷയം. പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്, പ്രൊഫ. പ്രഭാത് പട്‌നായിക്, ഡോ. സി പി ചന്ദ്രശേഖർ, ശശികുമാർ, പി രാജീവ്, ഗോപകുമാർ മുകുന്ദൻ തുടങ്ങിയവർ സംസാരിക്കും.
തൊഴിലാളി സംഗമം ഡിസംബർ 26ന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യും. ജനുവരി 12ന് വടകര ബിഇഎം എച്ച്‌എസ്‌എസിൽ കുട്ടികൾക്കായി അഖില കേരള ചിത്രരചനാമത്സരം ‘ചിത്രാഞ്ജലി’ നടക്കും. ജനുവരി 16 മുതൽ 31 വരെ ലിങ്ക് റോഡിന് സമീപമാണ്‌  ചരിത്ര പ്രദർശനവും പുസ്‌തക പ്രദർശനവും. ഇതോടനുബന്ധിച്ച്‌  "സാഹിത്യത്തിലെ വടകര’ ഉൾപ്പെടെ സാംസ്‌കാരിക സായാഹ്നങ്ങളും നടക്കും.  സുനിൽ പി ഇളയിടം, പി എൻ ഗോപീകൃഷ്‌ണൻ, വിനോദ് കൃഷ്‌ണ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇപ്റ്റയുടെ നാട്ടരങ്ങ് സ്റ്റേജ് ഷോയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്സൺ കെ പി ബിന്ദു, ട്രഷറർ ടി പി ഗോപാലൻ, പി കെ ദിവാകരൻ, പി കെ ശശി, എം നാരായണൻ എന്നിവർ പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top