കോഴിക്കോട്
നിർമാണമേഖലയ്ക്കാവശ്യമായ സിമന്റും കമ്പിയുമുൾപ്പെടെയുള്ള സാമഗ്രികൾ മിതമായ വിലയ്ക്ക് ലഭ്യക്കാൻ സംസ്ഥാനത്തെ ആദ്യ സഹകരണ മെറ്റീരിയൽ ബാങ്ക് പേരാമ്പ്ര വെള്ളിയൂരില്‍ ഒരുങ്ങി. ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനമായ കേരള സ്റ്റേറ്റ് ലേബർ കോ- ഓപ്പറേറ്റീവ്സ് ഫെഡറേഷന് (ലേബർ ഫെഡ്) കീഴിലെ ജില്ലയിലെ മേഖലാ കേന്ദ്രത്തിലാണ് മെറ്റീരിയൽ ബാങ്ക് തുടങ്ങുന്നത്. പ്രാഥമിക തൊഴിലാളി സഹകരണ സംഘങ്ങൾ മുഖേന പ്രാദേശിക തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനകം ജില്ലയുടെ വിവിധയിടങ്ങളിലുള്ള അഞ്ചോളം സംഘങ്ങള്‍ പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനകം എല്ലാ ജില്ലയിലും കേന്ദ്രങ്ങള്‍ ആരംഭിക്കും.
ഗുണമേന്മയുള്ള നിർമാണ സാമഗ്രികൾ ന്യായവിലയ്ക്ക് പൊതുജനങ്ങൾക്കും അംഗസംഘങ്ങൾക്കും ചെറുകിട കരാറുകാർക്കും എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ നാലാമത് നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയാണിത്. സിമന്റ്, കമ്പി, പെയിന്റ്, ക്രഷർ ഉൽപ്പന്നങ്ങളായ മെറ്റൽ, എം സാൻഡ്, പി സാൻഡ്, ഹോളോബ്രിക്സ്, സിമന്റ് കട്ടകൾ, ഇന്റർ ലോക്ക് സാമഗ്രികൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണംചെയ്യുക. തുടർന്ന് എല്ലാ നിർമാണസാമഗ്രികളും ഒരു കുടക്കീഴിൽ ലഭ്യമാക്കും. വിപണിയില്‍ മറ്റുള്ളവര്‍ വിതരണം ചെയ്യുന്നതിനെക്കാള്‍ 10 രൂപയെങ്കിലും കുറച്ച് നല്‍കും. ഓരോ ഉല്‍പ്പന്നത്തിനും വ്യത്യസ്ത തോതിലായിരിക്കും വിലക്കുറവ്.
ഉദ്ഘാടനം നാളെ
സംസ്ഥാന സഹകരണ മെറ്റീരിയൽ ബാങ്ക് ഉദ്ഘാടനം 17ന് വെള്ളിയൂരിൽ വൈകിട്ട് നാലിന് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലേബർഫെഡ് ചെയർമാൻ എ സി- മാത്യു, മാനേജിങ് ഡയറക്ടർ എ ബിന്ദു, യു വേണുഗോപാലൻ, ചന്ദ്രബാബു, പി പി സജീവൻ, എം കെ രാജൻ, കെ വി കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..