കോഴിക്കോട്
കുറ്റിയും കൊളുത്തും പോയ, ദുർഗന്ധം വമിക്കുന്ന ശുചിമുറികളുടെ കാലം മാറി. നഗരത്തിൽ ഇന്ന് ഭൂരിഭാഗവുമുള്ളത് വൃത്തിയുള്ള, സൗകര്യപ്രദമായ ശുചിമുറികളെന്ന് ജില്ലാ ശുചിത്വ മിഷൻ നടപ്പാക്കിയ ടോയ്‌ലറ്റ് സ്-പീക്-സ് ക്യാമ്പയിന്റെ റിപ്പോർട്ട്. കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള, ജില്ലയിലെ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ശുചിത്വമിഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ലോക ശുചിമുറിദിന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 14 പ്രധാന നഗരങ്ങളിലെ 1211 ശുചിമുറികളിലാണ് സർവേ നടത്തിയത്.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, സ്കൂളുകൾ തുടങ്ങി കൂടുതൽ പേരെത്തുന്ന ശുചിമുറികളാണ് തെരഞ്ഞെടുത്തത്. 15 കോളേജുകളിലെ 600 വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു.
ആദ്യവിഭാഗത്തിൽ ആശുപത്രി, സ്കൂളുകൾ തുടങ്ങി 134 സർക്കാർ സ്ഥാപനങ്ങളിലും രണ്ടാമത്തേതിൽ എയ്ഡഡ് സ്കൂളുകൾ, ഹോട്ടലുകൾ, ബാങ്കുകൾ തുടങ്ങി 1078 സ്വകാര്യസ്ഥാപനങ്ങളിലും പരിശോധിച്ചു. ജലം, ബക്കറ്റ്, കപ്പ്, സോപ്പ് ലഭ്യത, ശുചീകരണത്തിന് തൊഴിലാളികളെ നിയോഗിച്ചവ, സാനിറ്ററി മാലിന്യം ശേഖരിക്കാനുള്ള സൗകര്യം തുടങ്ങി 12 മേഖലയാക്കി തിരിച്ചായിരുന്നു സർവേ.
റിപ്പോർട്ടനുസരിച്ച് രണ്ടുവിഭാഗങ്ങളിലെയും ശുചിമുറികൾ മികച്ച നിലവാരം പുലർത്തി. ജലം, ബക്കറ്റ് ലഭ്യത രണ്ടുമേഖലയിലും 90 ശതമാനത്തിന് മുകളിലാണ്. വാതിലടയ്ക്കാൻ കഴിയുന്നവ 90 ശതമാനത്തിനും ദുർഗന്ധമില്ലാത്തതും മികച്ച പരിചരണം നൽകുന്നവയും 80 ശതമാനത്തിനും മുകളിലാണ്. ശബരിമലയിൽ പോകുന്നവരും ഓട്ടോറിക്ഷ തൊഴിലാളികളുമെല്ലാം ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതായി വിദ്യാർഥികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..