മുക്കം
പോയതലമുറയുടെ വിശപ്പ് മാറ്റിയ കൊടിയത്തൂർ ചെറുവാടി പുഞ്ചപ്പാടം സഹകരണ കൂട്ടായ്മയിൽ വീണ്ടും കതിരണിയും. ‘സുഭിക്ഷ കേരളം സുരക്ഷിത കേരളം’ പദ്ധതിയിൽ കലിക്കറ്റ് നോർത്ത് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് പുഞ്ചപ്പാടത്തെ മൂന്ന് ഏക്കറിൽ കൃഷിയിറക്കിയത്.
നാലുമാസംകൊണ്ട് വിളവെടുക്കാവുന്ന അതുൽപ്പാദനശേഷിയുള്ള ഉമ ഇനത്തിൽപെട്ട ഞാറാണ് നട്ടത്. മാർച്ച് മാസത്തോടെ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷ. അതുവരെ ബാങ്ക് ജീവനക്കാർതന്നെ കൃഷി പരിപാലിക്കും.
പുഞ്ചപ്പാടത്ത് നടീൽ ഉത്സവം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി. കേരളബാങ്ക് ഡയറക്ടർ ഇ രമേശ്ബാബു, കെ സി മമ്മദ് കുട്ടി, ടി കെ പ്രമോദ് കുമാർ, കെ പി അജയകുമാർ, കെ സുധീർ, വി ടി ബിന്ദുഷ, ഗിരീഷ് കാരക്കുറ്റി, പി പി അസ്‌ലം, കെ പി ചന്ദ്രൻ ,എം മുഹമ്മദ്, എം നാസർ എന്നിവർ സംസാരിച്ചു.
ബാങ്ക് ഡയറക്ടർമാരും ഹെഡ് ഓഫീസിലെയും വിവിധ ശാഖകളിലെയും ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം നൂറിലധികംപേർ നടീൽ ഉത്സവത്തിൽ പങ്കെടുത്തു. കാർഷിക സംസ്കൃതിയുടെ ഓർമപുതുക്കി കഞ്ഞിയും പുഴുക്കും കഴിച്ചാണ് "സഹകരണ കർഷകർ’ മടങ്ങിയത്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്‌കൃതി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് നെൽകൃഷിയിലേക്ക് ഇറങ്ങിയതെന്ന് പ്രസിഡന്റ് ഇ പ്രേംകുമാർ പറഞ്ഞു. കൃഷിയിൽനിന്ന് കിട്ടുന്ന ആദായം നിർധനരായ ആളുകൾക്ക് നൽകും. സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി ഈ വർഷം ബൃഹത്തായ പരിപാടികളാണ് ബാങ്ക് ആവിഷ്‌കരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..