22 November Friday
മുലപ്പാൽ ബാങ്കിന്‌ പിന്തുണയേറുന്നു

പകർന്നത്‌ 5.52 ലക്ഷം മില്ലിലിറ്റർ ‘അമ്മ മധുരം’

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024
കോഴിക്കോട്‌ 
കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിലെ മുലപ്പാൽ ബാങ്കിൽനിന്ന്‌ മാതൃസ്‌നേഹത്തിന്റെ പാൽ മധുരം നുണഞ്ഞത്‌ 1720 കുട്ടികൾ. സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യ മുലപ്പാൽ ബാങ്ക്‌ മൂന്നാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ ആരംഭ കാലത്തിൽനിന്ന്‌ വിഭിന്നമായി വലിയ പിന്തുണയാണ്‌ ലഭിക്കുന്നത്‌.  ഇതിനകം 3190 അമ്മമാർ കുഞ്ഞുങ്ങൾക്കായി പാൽ നൽകി. 5.52 ലക്ഷം മില്ലിലിറ്റർ പാലാണ്‌ കുഞ്ഞുങ്ങൾക്ക്‌ നൽകിയത്‌. 
2021 സെപ്‌തംബറിലാണ്‌ മുലപ്പാൽ ബാങ്ക്‌ തുടങ്ങിയത്‌. നിലവിൽ പ്രതിദിനം 1000–-1500 മില്ലിലിറ്റർ പാൽ ലഭിക്കുന്നുണ്ട്‌. തെറ്റിദ്ധരണ മൂലം പലരും മുന്നോട്ട്‌ വരാത്തതിനാൽ ആദ്യഘട്ടത്തിൽ ഇതിന്റെ പാതിപോലും പാൽ ലഭിച്ചിരുന്നില്ല. നിരന്തര ബോധവൽക്കരണത്തിന്റെ ഫലമായാണ്‌ കൂടുതൽ പേർ സന്നദ്ധരായത്‌. 
പ്രസവത്തിന്‌ എത്തുന്നവരിൽ താൽപ്പര്യമുള്ളവരെ മാനദണ്ഡപ്രകാരമുള്ള പരിശോധനകൾക്കുശേഷം പ്രത്യേക പമ്പുകളുപയോഗിച്ചാണ്‌ പാൽ ശേഖരിക്കുക.  ഇത്‌ പാസ്‌ചറൈസ്‌ ചെയ്‌ത്‌ ശീതീകരിച്ച്‌ സൂക്ഷിച്ച്‌ ആവശ്യമുള്ളപ്പോൾ നൽകും. അണുവിമുക്തമെന്ന്‌ ഉറപ്പാക്കാൻ കൾച്ചർ പരിശോധനയുൾപ്പെടെ ചെയ്യും. 
നെറ്റ്‌വർക്ക്‌ 
വ്യാപിപ്പിക്കും
മുലപ്പാൽ ബാങ്ക്‌ സജീവമായി പ്രവർത്തിക്കുമ്പോഴും ലഭിക്കുന്ന പാലളവ്‌ ഇനിയും ഉയർത്തേണ്ടതുണ്ട്‌. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയായതിനാൽ ഇരട്ടിയോളം ആവശ്യമുണ്ട്‌. ഏതാണ്ട്‌ 120 വീതം കുട്ടികൾ ഐസിയുവിലും വാർഡിലുമായുണ്ടാവും. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ ദിവസങ്ങളോളം ഐസിയുവിൽ കഴിയേണ്ടിവരും. പാലിന്റെ അപര്യാപ്‌തത കുറയ്‌ക്കാൻ ബ്ലഡ്‌ ബാങ്ക്‌ മാതൃകയിൽ താൽപ്പര്യമുള്ള അമ്മമാർക്ക്‌ മെഡിക്കൽ കോളേജിലോ ഇതിനായി തയ്യാറാക്കിയ പ്രത്യേക കേന്ദ്രങ്ങളിലോ എത്തി പാൽ നൽകുന്ന പദ്ധതി ആവിഷ്‌ക്കരിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്‌. കൂടുതൽ പമ്പുകൾ വാങ്ങി പാൽശേഖരണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്‌. 
മുലപ്പാലിന്റെ 
പ്രാധാന്യം
പാലില്ലാത്ത അമ്മമാർ, അസുഖത്താലോ മാസം തികയാതെ പ്രസവിച്ചോ ഐസിയുകളിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞുങ്ങൾ ഇങ്ങനെയുള്ള  സാഹചര്യങ്ങളിലാണ്‌ മുലപ്പാൽ ബാങ്കിൽനിന്ന്‌ പാലെടുക്കുന്നത്‌. രോഗപ്രതിരോധത്തിനുൾപ്പെടെ നവജാത ശിശുവിന്റെ ആരോഗ്യത്തിൽ നിർണായകമാണ്‌ മുലപ്പാൽ. മുലപ്പാല്‍ കിട്ടിയില്ലെങ്കിൽ കുഞ്ഞിന് അണുബാധ ഉണ്ടായേക്കാം. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ പൊടിപ്പാലിനേക്കാൾ  മുലപ്പാലാണ്‌ അനുയോജ്യം. മുലപ്പാൽ കൊടുക്കുന്നതനുസരിച്ച്‌ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുമെന്നതിനാൽ അത്തരം ആശങ്കകൾ വേണ്ടതില്ലെന്നും ഡോക്ടർമാർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top