20 December Friday

‘ഒപ്പം’ അതിരില്ലാത്ത ആത്മവിശ്വാസം

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024

അപ്പാരൽ യൂണിറ്റ്‌ ആരംഭിക്കുന്നതിനായി പരിശീലനം പൂർത്തിയാക്കിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ സർട്ടിഫിക്കറ്റ്‌ വിതരണച്ചടങ്ങിലേക്ക്‌ സ്വയം രൂപകൽപ്പന ചെയ്‌ത വസ്‌ത്രം ധരിച്ച്‌ എത്തിയപ്പോൾ

കോഴിക്കോട്‌ 
സ്വയം തുന്നിയ ഉടുപ്പ്‌ അണിഞ്ഞാണ്‌ അവർ ഇരുപത്തിയഞ്ചുപേർ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിലേക്ക്‌ എത്തിയത്‌. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ അമ്മമാർ തുന്നിയ വസ്‌ത്രങ്ങൾ അവരുടെ ആത്മവിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാണ്‌. കുഞ്ഞുങ്ങളുടെ പരിചരണം ഏറ്റെടുക്കേണ്ടി വന്നതിനാൽ ഉദ്യോഗവും വരുമാനവും ത്യജിച്ചവരുടെ ആത്മപ്രകാശനം. സംസ്ഥാന സർക്കാരിന്റെ  ‘സങ്കൽപ്പ്‌’  പദ്ധതിയിൽ ഉൾപ്പെടുത്തി എസ്‌എസ്‌കെയുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ ഇവർക്കായി അപ്പാരൽ യൂണിറ്റ്‌ തയ്യാറാവുകയാണ്‌. 
മിനിസ്‌ട്രി ഓഫ്‌ സ്‌കിൽ ഡെവലപ്‌മെന്റ്‌ ആൻഡ്‌ എൻട്രപ്രണർഷിപ്പിന്റെ നേതൃത്വത്തിലാണ്‌ സ്‌കിൽ ഡെവലപ്‌മെന്റ്‌ സെന്ററിൽ മൂന്നുമാസ പരിശീലനം നൽകിയത്‌. കുഞ്ഞുങ്ങളുടെ പരിചരണത്തിനുള്ള സമയക്രമം നിശ്‌ചയിച്ച്‌ നൽകിയായിരുന്നു പരിശീലനം. പലരും  പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുങ്ങളുമായെത്തിയാണ്‌ പരിശീലനം നേടിയത്‌. അമ്മമാർക്ക്‌ പ്രതിദിനം കുറഞ്ഞ വരുമാനമെങ്കിലും ഉറപ്പാക്കുകയാണ്‌ പദ്ധതി ലക്ഷ്യം. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുങ്ങളുടെ 40 അമ്മമാരിൽനിന്ന്‌ 25 പേർക്കായിരുന്നു പരിശീലനം. ചുരിദാർ, മാക്‌സി, കുഞ്ഞുടുപ്പ്‌, തുണിസഞ്ചി തുടങ്ങിയവ തയ്‌ക്കാനാണ്‌ പരിശീലിപ്പിച്ചത്‌. 
 ‘ഒപ്പം’ എന്ന പേരിൽ ഭിന്നശേഷിക്കാരുടെ അമ്മമാർക്കായി നടപ്പാക്കുന്ന പദ്ധതിയിൽ വനിതാ കാറ്ററിങ്, കുട, സോപ്പ്‌ ഉൽപ്പന്ന യൂണിറ്റ്‌ എന്നിവ നിലവിലുണ്ട്‌. ബാഗുകൾ, സഞ്ചികൾ എന്നിവകൂടി നിർമിച്ചുനൽകി അപ്പാരൽ യൂണിറ്റ്‌ വിപുലപ്പെടുത്തും. വീടുകളിൽ ഇരുന്നും അപ്പാരൽ യൂണിറ്റിന്റെ ഭാഗമാകാനാവും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പാക്കിങ് ഉൾപ്പെടെയുള്ള ജോലികളിൽ പങ്കാളിയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top