23 December Monday

തിരുവോണനാളിൽ പേരാമ്പ്രയെ വിറപ്പിച്ച് കാട്ടാന

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
പേരാമ്പ്ര
തിരുവോണനാളിൽ പേരാമ്പ്രയെ ഭീതിയിലാഴ്‌ത്തി കാട്ടാന. ശനി  രാത്രിയോടെ പെരുവണ്ണാമൂഴി വനമേഖലയിൽനിന്ന്‌ കുവ്വപ്പൊയിൽ, പിള്ളപ്പെരുവണ്ണ, ആവടുക്ക വഴി റോഡിലൂടെയാണ് മോഴയാന പേരാമ്പ്രയിലെത്തിയത്. രാത്രി ആവടുക്ക മദ്രസക്കടുത്ത വീട്ടുമുറ്റത്ത് ആനയെ കണ്ടിരുന്നു.  
ഞായറാഴ്‌ച തിരുവോണദിവസം രാവിലെ അഞ്ചോടെ പ്രഭാതസവാരിക്കിറങ്ങിയവർ പൈ തോത്ത് പള്ളിത്താഴയിൽ കാട്ടാനയെ കണ്ടു.  ആളുകളെ കണ്ട് ഓടിയ ആന പേരാമ്പ്ര ടൗണിനടുത്ത് ചാത്തോത്ത് ചാലിന് സമീപമുള്ള ഞെരിഞ്ഞിൽപ്പറ്റ മലയിലാണ് അഭയംതേടിയത്. 18 കിലോമീറ്ററോളം റോഡിലൂടെ സഞ്ചരിച്ചാണ് കാട്ടാന പേരാമ്പ്രയിലെത്തിയത്. ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയ വാർത്ത പരന്നതോടെ അധികൃതർ ജാഗരൂകരായി. ജില്ലാ ഫോറസ്റ്റ് ഓഫീസർ ആഷിഖ് അലി, പെരുവണ്ണാമൂഴി റെയ്‌ഞ്ച് ഓഫീസർ എൻ കെ പ്രബീഷ്, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ഇ ബൈജുനാഥ്, ആർആർടി ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ ഷാജീവ് എന്നിവരുടെ നേതൃത്വത്തിൽ  വനപാലകരും  പേരാമ്പ്ര സിഐ പി ജംഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസും  പേരാമ്പ്രയിലെത്തി. 
 ഉച്ചഭാഷിണിയിലൂടെ പരിസരവാസികൾക്ക് ജാഗ്രതാനിർദേശവും നൽകി.  ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ, പേരാമ്പ്ര പഞ്ചായത്ത്  പ്രസിഡന്റ്‌ വി കെ പ്രമോദ് എന്നിവർ ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിൽ വയനാട്ടിൽനിന്ന് ഡോക്ടർ അടക്കമുള്ള ആർആർടി സംഘത്തെ വൈകിട്ടോടെ പേരാമ്പ്രയിൽ എത്തിക്കാനും തീരുമാനമായി.
മലമുകളിൽ വെള്ളംകിട്ടാതെ ആന അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനാൽ കൂട്ടംകൂടി നിൽക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ഉച്ചക്ക് ഒന്നോടെ ആന മലയിറങ്ങി വന്ന വഴിക്ക് തിരിച്ചുനടന്നു. വനപാലകരും പൊലീസും വാഹനത്തിൽ ആനക്ക് മുന്നിലും പിന്നിലുമായി സഞ്ചരിച്ച് ജനങ്ങളെയും വാഹനങ്ങളെയും നിയന്ത്രിച്ചു.  കുവ്വപ്പൊയിൽവച്ച് ആന കാട്ടിലേക്ക് കയറിയതോടെയാണ് ജനങ്ങൾക്കും അധികൃതർക്കും സമാധാനമായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top